പേ വിഷബാധ: അഭിരാമിയുടെ നില ഗുരുതരമായി തുടരുന്നു

പത്തനംതിട്ട: പേ വിഷബാധക്കുള്ള വാക്സിൻ എടുത്തിട്ടും ഗുരുതരാവസ്ഥയിലായ റാന്നി സ്വദേശി അഭിരാമിയുടെ നില ഗുരുതരമായി തുടരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ വെന്‍റിലേറ്ററിൽ കഴിയുകയാണ് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റ 12 വയസുകാരിയായ അഭിരാമി.

കുട്ടിയുടെ തലച്ചോറിൽ വൈറസ് ബാധിച്ചിട്ടുണ്ട്. സാംപിൾ പരിശോധനാ ഫലം എത്തിയാൽ മാത്രമെ പേവിഷബാധയുണ്ടോ എന്ന് അറിയുവാൻ കഴിയുകയുള്ളു. പുന്നെ വൈറോളജി ലാബിലും തിരുവനന്തപുരത്തെ സർക്കാർ ലാബിലും പരിശോധനക്കായി സാംപിൾ അയച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രിയുടെ നിർദേശപ്രകാരം രൂപീകരിച്ച മെഡിക്കൽ ബോർഡ് കുട്ടിയുടെ ചികിത്സക്കായി എല്ലാ കാര്യങ്ങളും ചെയ്തുവരികയാണ്. രണ്ട് തവണ മെഡിക്കൽ ബോർഡ് ചേർന്ന് ചികിത്സാ പുരോഗതി വിലയിരുത്തി. പരിശോധനാ ഫലം കാത്ത് നിൽക്കാതെ എല്ലാ ചികിത്സകളും നൽകി വരികയാണ്.

ഓഗസ്റ്റ് 13 ന് രാവിലെ പാൽ വാങ്ങാൻ പോകവെയാണ് റാന്നി പെരുനാട് മന്ദപ്പുഴ സ്വദേശിനി അഭിരാമിയെ തെരുവ് നായ ആക്രമിച്ചത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നാണ് വാക്സിൻ സ്വീകരിച്ചത്. നില ഗുരുതരമായതോടെയാണ് കോട്ടയം മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ എത്തിച്ചത്. അഭിരാമിയുടെ തിരിച്ചു വരവിനായി നാട് പ്രാർത്ഥനയിലാണ്.

Comments (0)
Add Comment