പേവിഷബാധയേറ്റ് മരിച്ച അഭിരാമിയുടെ സംസ്കാരം നാളെ നടക്കും

Jaihind Webdesk
Tuesday, September 6, 2022

പേവിഷബാധയേറ്റ് മരിച്ച അഭിരാമിയുടെ സംസ്കാരം നാളെ നടക്കും. തെരുവ് നായയുടെ ആക്രമണത്തിൽ പരുക്കേറ്റ് മൂന്നാഴ്ച ചികിത്സയിൽ കഴിഞ്ഞ അഭിരാമി ഇന്നലെയാണ് മരണത്തിനു കീഴടങ്ങിയത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. പേവിഷബാധയ്ക്കെതിരെ പെൺകുട്ടി മൂന്നു കുത്തിവയ്പ്പും എടുത്തിരുന്നു. റാന്നി പെരുനാട് മന്ദപ്പുഴ ഷീനാ ഭവനിൽ ഹരീഷിന്‍റെ ഏഴാം ക്ലാസിൽ പഠിക്കുന്ന മകളാണ് ആരോഗ്യ കേരളത്തെ കണ്ണീരിലാഴ്ത്തി യാത്രയായത്.

വീട്ടിലേക്കു പാല് വാങ്ങാൻ പോകും വഴിയാണ് ഏഴാം ക്ലാസുകാരി അഭിരാമിയെ തെരുവുനായ ഓടിച്ചിട്ട്‌ കടിച്ചത്. മുഖത്തും കഴുത്തിലും അടക്കം ശരീരമാസകലം അഭിരാമിയെ പട്ടി കടിച്ചിരുന്നു. കഴിഞ്ഞ മാസം 14 ന് പെരുനാട് കാർമൽ എൻജിനീയറിഗ് കോളജ് റോഡിൽ വച്ചാണ് നായ കടിച്ചത്. പേവിഷബാധതിരെ മൂന്നു കുത്തിവയ്പ് എടുത്ത കുട്ടിയുടെ ആരോഗ്യം മോശമായതോടെ പത്തനംതിട്ടയിൽ നിന്ന് കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടർമാർ ആകുംവിധം ശ്രമിച്ചെങ്കിലും ഉച്ചയോടെ അഭിരാമി മരിച്ചു. ചികിത്സ പിഴവെന്നാണ് കുട്ടിയുടെ അമ്മയും ബന്ധുക്കളും പരാതിപ്പെട്ടത്. മാതാപിതാക്കളുടെ അഭ്യർഥന മാനിച്ച് കുട്ടിയുടെ മൃതദേഹം പോസ്റ്റുമാർട്ടം നടത്താതെ ബന്ധുക്കൾക്ക് വിട്ടുനൽകി.