മോദിയുടെ അമിതാധികാരം സാമ്പത്തിക മാന്ദ്യത്തിന് കാരണം; നോട്ട് നിരോധനവും ജി.എസ്.ടിയും അതിന്റെ വേഗതകൂട്ടി – അഭിജിത്ത് ബാനര്‍ജി

Jaihind Webdesk
Sunday, October 20, 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങളെയും കേന്ദ്രസര്‍ക്കാരിന്റെ പരാജയത്തെയും തുറന്നുകാട്ടി ഇത്തവണ നോബേല്‍ ജേതാവായ അഭിജിത്ത് ബാനര്‍ജി. മോദിയുടെ അമിതാധികാര കേന്ദ്രീകരണം സാമ്പത്തിക പ്രതിസന്ധിക്കുള്ള പ്രധാനകാരണങ്ങളിലൊന്നാണ്. നോട്ടുനിരോധനവും പഠനം നടത്താതെയുള്ള ജിഎസ്ടി നടപ്പാക്കലും മാന്ദ്യത്തിന് ആക്കം കൂട്ടി, എന്നിരുന്നാലും ഒരു സര്‍ക്കാരിനും ജിഎസ്ടി ഒട്ടും പ്രശ്നങ്ങളില്ലാതെ നടപ്പാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അഭിജിത്ത് തന്റെ നിലപാട് വ്യക്തമാക്കിയത്.

യു.പി.എ സര്‍ക്കാര്‍ വിഭാവനം ചെയ്ത രീതിയില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പാകുന്നില്ല. പ്രവര്‍ത്തന തലത്തിലെ വൈകിപ്പിക്കലാണ് ഇതിനൊരു പ്രധാന കാരണം. ഇതേ തുടര്‍ന്ന് ഗ്രാമീണ മേഖലയിലെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണാനായില്ല. വരള്‍ച്ചാ കാലത്താണ് തൊഴിലുറപ്പ് പദ്ധതി ഏറ്റവും കാര്യക്ഷമമാകേണ്ടിയിരുന്നതെങ്കില്‍ അക്കാലയളവിലാണ് പദ്ധതിയുടെ മോശം പ്രകടനമെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തി. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ജനങ്ങളെ ഭിന്നിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.അത് സമൂഹത്തില്‍ അസഹിഷ്ണുതയ്ക്ക് ഇടയാക്കും. ഇത് ജനാധിപത്യത്തെ അത്യന്തം മോശമായി ബാധിക്കുകയും ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ അസ്വസ്ഥമാക്കുന്നുവെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തിനുള്ള മറുപടി. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍, ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ എന്നിവര്‍ മോശം പരാമര്‍ശങ്ങളുമായി രംഗത്തെത്തിയിരുന്നു. രണ്ടാം ഭാര്യ വിദേശിയായവര്‍ക്കാണ് കൂടുതലും നൊബേല്‍ കിട്ടുന്നതെന്നും ഇതാണോ നൊബേല്‍ ലഭിക്കാനുള്ള യോഗ്യതയെന്നുായിരുന്നു ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹയുടെ അധിക്ഷേപം. അഭിജിത്ത് ബാനര്‍ജിയെ പോലുള്ളവര്‍ ഇടത് നയങ്ങള്‍ സാമ്പത്തിക ശാസ്ത്രത്തില്‍ വിതറുന്നവരാണെന്നും ഇടതുപക്ഷ പാതയിലൂടെ സമ്പദ് വ്യവസ്ഥയെ മുന്നോട്ടുകൊണ്ടുപോകണമെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നതെന്നുമായിരുന്നു പിയൂഷ് ഗോയലിന്റെ വിമര്‍ശനം. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞയും അദ്ദേഹത്തിന്റെ ജീവിത പങ്കാളിയുമായ എസ്തര്‍ ഡഫ്ളോ, മൈക്കേല്‍ ക്രെമര്‍ എന്നിവര്‍ക്കൊപ്പമാണ് അഭിജിത്ത് നൊബേല്‍ പങ്കിട്ടത്.