അബ്ദുള്ള കുട്ടി എന്ന കാപട്യം: മോദിയെ സ്തുതിക്കാന്‍ പറഞ്ഞത് പെരുംനുണ; മോദിയുടെ ഗ്യാസ് സിലിണ്ടറും കക്കൂസും കണ്ടല്ല ആളുകള്‍ വോട്ടുകുത്തിയത്; തെളിവുകള്‍ കാണൂ…

Jaihind Webdesk
Monday, June 3, 2019

വസ്തുതക്കും നിരക്കാത്തതും പെരുംനുണകളാലും മോദി സ്തുതി നടത്തി വേറിട്ട് നില്‍ക്കാനുള്ള അബ്ദുള്ളക്കുട്ടിയുടെ ഗൂഢനീക്കത്തിനാണ് കോണ്‍ഗ്രസ് തടയിട്ടിരിക്കുന്നത്. മോദി സ്തുതിയെന്നത് മാത്രമല്ല അബ്ദുള്ളക്കുട്ടിയുടെ പുറത്താക്കലിലേക്ക് നയിച്ചത്. അതിന്റെ പേരില്‍ നടത്തിയ നുണപ്രസ്താവനയുമാണ്. മോഡി എല്ലാവര്ക്കും കക്കൂസും ഗ്യാസ് സിലിണ്ടറും കൊടുത്തു. അതുകൊണ്ടു സന്തോഷകണ്ണീര്‍ പൊഴിച്ച് ജനം കൂട്ടം കൂട്ടമായി പോളിങ് ബൂത്തുകളില്‍ ചെന്ന് ബിജെപിക്ക് കുത്തി എന്നാണ് അബ്ദുള്ളക്കുട്ടിയുടെ വെളിപാട്. എന്നാല്‍ വസ്തുത മറ്റൊന്നാണെന്ന് രാജ്യം മുഴുവന്‍ കണ്ടതാണുതാനും. കേരളത്തില്‍ വ്യാപകമായി സംഘപരിവാര്‍ ഓടിക്കുന്ന വാട്സാപ്പ് ഫോര്‍വേഡ് മെസ്സേജ് ആവര്‍ത്തിക്കുക വഴി അവരുടെ മൈക്ക് പോലെ പ്രവര്‍ത്തിക്കുകമാത്രമായിരുന്നു അബ്ദുള്ളക്കുട്ടി കാട്ടിയത്. അതിനെക്കുറിച്ച് ഒന്ന് ഗൂഗിള്‍ ചെയ്യുകപോലും ചെയ്യാനുള്ള അറിവ് അബ്ദുള്ളക്കുട്ടിക്ക് ഉണ്ടായില്ല എന്നത് സംശയാസ്പദമാണ്. ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പോയാല്‍ ഈ ”ഗ്യാസ് സിലിണ്ടര്‍ മിമിക്രി” എത്രകണ്ടു പരിതാപകരമാണ് എന്ന് മനസിലാക്കാന്‍ സാധിക്കും.

മോദി തന്നെ ദത്തെടുത്ത ഗ്രാമങ്ങള്‍ ഉണ്ട്. അവിടെ പോലും സ്ഥിതി വളരെ പരിതാപകരമാണ്. ചിലയിടങ്ങളില്‍ ഉള്ള കക്കൂസുകള്‍ സ്വച്ഛ് ഭാരത്തിനു വേണ്ടി പൊളിക്കുകയും ശേഷം കെട്ടി കൊടുക്കാതെ ഇരിക്കുകയും ചെയ്തിട്ടുണ്ട്. മോദി ദത്തെടുത്ത ഒരു ഗ്രാമത്തില്‍ ഉണ്ടാക്കിയ കക്കൂസുകള്‍ ഉപയോഗിക്കാന്‍ ആവുന്നത് പോലുമല്ല. വീഡിയോ ചുവടെ ചേര്‍ക്കുന്നു . സ്വന്തം അഭിമാന പ്രോജക്റ്റ് ആയ ദത്തെടുത്ത ഗ്രാമങ്ങളില്‍ ഇതാണ് അവസ്ഥയെങ്കില്‍ മറ്റുള്ള സ്ഥലങ്ങളെ പറ്റിയുള്ളത് പ്രത്യേകം പറയേണ്ട എന്ന് കരുതുന്നു. ഇരിക്കുന്ന കൊമ്പ് പണ്ടേ മുറിച്ച് ശീലമുള്ള അബ്ദുള്ളക്കുട്ടിയുടെ മോദിപ്രശംസയെന്ന പേരിലെ പെരുംനുണ പറച്ചിലില്‍ പുത്തന്‍ മേച്ചില്‍പ്പുറങ്ങളിലേക്കുള്ള യാത്രയിലാണ്.
രാജ്യത്ത് ഇന്ധനിവല കുതിച്ച് കയറുമ്പോഴും സാമ്പത്തിക നില തകരുമ്പോഴും മോദി ഭക്തര്‍ നടത്തിയിരുന്ന ന്യായീകരണങ്ങളായിരുന്നു കക്കൂസ് രാഷ്ട്രീയവും സിലിണ്ടര്‍ രാഷ്ട്രീയവും. അതേറ്റുപിടിച്ചതിലൂടെ അബ്ദുള്ള കുട്ടിയും ചെയ്തിരിക്കുന്നത് ജനങ്ങളെ കബളിപ്പിക്കലാണ്. ഇപ്പോഴും രാജ്യത്തെ 67 ശതമാനം ആളുകള്‍ക്കും ശൗചാലയങ്ങള്‍ അപ്രാപ്യമാണെന്ന കണക്ക് കേന്ദ്രസര്‍ക്കാര്‍ തന്നെ പുറത്തുവിട്ടതുമാണ്.

2014 ന് ശേഷം കേന്ദ്ര സര്‍ക്കാരിന്റെ പൊതുകടം 82.35 ലക്ഷം കോടി രൂപയായി ഉയര്‍ന്നിരിക്കുന്നു. 45 ശതമാനമാണ് കടം പെരുകിയത്. ഇതെങ്ങനെ സംഭവിച്ചു അബ്ദുള്ളക്കുട്ടിക്ക് മറുപടിയുണ്ടോ ? കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 36,472 കര്‍ഷക ആത്മഹത്യ രാജ്യത്തുണ്ടായതിനെക്കുറിച്ച് മിണ്ടാട്ടമില്ലാത്തതെന്താണ്? നോട്ടുനിരോധനം എന്ന വങ്കത്തരം രാജ്യത്തിന്റെ വളര്‍ച്ചയെയും സമ്പദ്ഘടനയെയും താളം തെറ്റിച്ചുവെന്നതിനെക്കുറിച്ച് അറിയാത്തതാണോ?. ഇതിന്റെ ആഴം ഇതുവരെ അളന്നെടുത്തിട്ടില്ല എന്നതാണ് സത്യം. ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളും അവരുടെ രാജ്യത്തിന് ഗുണകരമാകുന്ന വിധം ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ കഴിവുകേടും ദീര്‍ഘവീക്ഷണമില്ലായ്മയും സ്വാര്‍ത്ഥതാല്‍പര്യങ്ങളും കൊണ്ട് ഇന്ത്യയില്‍ മാത്രം ഇത് ദുരന്തമായി മാറി. ഈ സാമ്പത്തിക വര്‍ഷം 12,75,600 കോടി രൂപ ജിഎസ്ടി യിലൂടെ കേന്ദ്രത്തിലെത്തുമെന്നാണ് കഴിഞ്ഞ ബജറ്റില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതില്‍ 3.50 ലക്ഷം കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് ഇപ്പോള്‍ കണക്കാക്കപ്പെടുന്നത്. ജിഎസ്ടി, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെയും തളര്‍ത്തിയിരിക്കുന്നു. മറ്റൊന്ന്, സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അധ്യാപകരില്‍ നിന്നും വരുമാന നികുതി കൃത്യമായി പിരിച്ചെടുക്കുമ്പോള്‍ സമ്പന്നരില്‍ നിന്ന് നികുതി പിരിച്ചെടുക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തുന്നു എന്നതാണ്.