റിയാദ്: സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്‍റെ വധ ശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനല്‍ കോടതിയുടെതാണ് ഉത്തരവ്. ചൊവാഴ്ചയാണ് റിയാദ് ക്രിമിനല്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇരുവിഭാഗം വക്കീലുമാരും കോടതിയില്‍ എത്തിയിരുന്നു. എംബസി ഉദ്യോഗസ്ഥര്‍, റഹീമിന്‍റെ കുടുംബത്തിന്‍റെ പവര്‍ ഓഫ് അറ്റോണി സിദ്ധിഖ് തുവ്വൂര്‍ എന്നിവരും റഹീമിനോപ്പം കോടതിയില്‍ ഹാജരായി. കോടതി വെര്‍ച്വല്‍ സംവിധാനത്തിലൂടെ റഹീമിനെ കണ്ടു. രേഖകളെല്ലാം കോടതി പരിശോധിച്ചതിന് ശേഷം വധ ശിക്ഷ റദ്ദ് ചെയ്ത ഉത്തരവില്‍ ഒപ്പ് വെയ്ക്കുകയായിരുന്നു.
മാപ്പു നൽകിയുള്ള കുടുംബത്തിന്‍റെ സമ്മതപത്രം ഉടൻ റിയാദ് കോടതി റിയാദ് ഗവർണറേറ്റിന് കൈമാറും. റിയാദ് ജയിലിൽ കഴിയുന്ന റഹീം അധികം വൈകാതെ ജയിൽ മോചിതനാക്കും. തുടർന്ന് റിയാദ് വിമാനത്താവളം വഴി റഹീമിനെ നാട്ടിലേക്ക് അയക്കും. റഹീമിന് മാപ്പു നൽകാമെന്ന് ഇന്ന് ഉച്ചയോടെയാണ് കുടുംബം റിയാദ് കോടതിയിൽ എത്തി ഔദ്യോഗികമായി അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ കേസ് കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നെങ്കിലും സൗദി യുവാവിന്‍റെ കുടുംബം എത്തിയിരുന്നില്ല. തുടർന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിവെച്ചത്.