കുട്ടിയെ കിട്ടി; കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍; കണ്ടെത്തിയത് നാട്ടുകാർ

 

കൊല്ലം: ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേല്‍ സാറ റെജിയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. 20 മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കേരളം ഒന്നടങ്കം കാത്തിരുന്ന ആശ്വാസ വാർത്തയെത്തിയത്. നാട്ടുകാരാണ് ആശ്രാമം മൈതാനത്ത് കുട്ടിയെ കണ്ടെത്തിയത്. കൊല്ലം ഈസ്റ്റ് പോലീസ് ഏറ്റെടുത്ത കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം കുട്ടിയെ തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താനായിട്ടില്ല. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.

തിങ്കളാഴ്ച വൈകിട്ട് 4.45 ഓടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ട്യൂഷന്‍ കഴിഞ്ഞ് സഹോദരനൊപ്പം മടങ്ങവെയായിരുന്നു അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. തുടർന്നിങ്ങോട്ട് 20 മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്കാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നത്. രാത്രി മുഴുവന്‍ പോലീസും നാട്ടുകാരും ചേർന്ന് തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനാകാത്തത് ആശങ്ക സൃഷ്ടിച്ചിരുന്നു. ഇന്നും തിരച്ചില്‍ തുടരുന്നതിനിടെയാണ് കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. എസ്എന്‍ കോളേജിലെ വിദ്യാർത്ഥിനികളാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുട്ടിക്കൊപ്പം ഒരു സ്ത്രീയും ഉണ്ടായിരുന്നതായി വിദ്യാർത്ഥിനികള്‍ പറഞ്ഞു. ഇവർ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തുകയും കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

 

Comments (0)
Add Comment