വെഞ്ഞാറമൂട് കൊലപാതകം സി.ബി.ഐ അന്വേഷിച്ചാൽ എ.എ റഹീം പ്രതിയാകും : മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Saturday, September 19, 2020

വെഞ്ഞാറമൂട് കൊലപാതകം സി.ബി.ഐ അന്വേഷിച്ചാൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം പ്രതിയാകുമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കേസ് സി.ബി.ഐ അന്വേഷിച്ച് സി.പി.എമ്മിന്‍റെ പങ്ക് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ഡിസിസിയുടെ നേതൃത്വത്തിൽ നടന്ന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം ആസൂത്രണം ചെയ്തത് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമാണെന്നും, അത് കൊണ്ട് തന്നെ സി.ബി.ഐ അന്വേഷിച്ചാൽ റഹീം പ്രതിയാകുമെന്നും കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.

കേസ് അന്വേഷിക്കുന്ന റൂറൽ എസ്പിയുടെ കഴിഞ്ഞകാല ചരിത്രം പരിശോധിക്കണമെന്നും.സദാചാര വിരുദ്ധതയുടെ പേരിൽ കാരണം കാണിക്കൽ നോട്ടീസ് കിട്ടിയ ആളാണ് റൂറൽ എസ്പിയെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഇന്‍റലിജൻസ് വിഭാഗം മുൻകൂട്ടി വിവരം കൊടുത്തിട്ടും നടപടി എടുത്തില്ല.

അൽഖ്വെയ്ദ അടക്കമുള്ള തീവ്രവാദ സംഘങ്ങൾ സംസ്ഥാനത്ത് പ്രവർത്തിച്ചിട്ടും കണ്ടെത്താനാവാത്ത സംസ്ഥാന പൊലീസ്- ഇൻറലിജൻസ് സംവിധാനങ്ങൾ തകർന്നുവെന്നും ഇന്‍റലിജൻസ് തലപ്പത്ത് ആരുമില്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം വ്യക്തമാക്കി

വിശുദ്ധ ഗ്രന്ഥത്തെ കളങ്കപ്പെടുത്താൻ ശ്രമിക്കുന്ന മന്ത്രി കെ.ടി ജലീലിനെതിരെ സംസ്ഥാനത്ത് നടക്കുന്ന സമരങ്ങളോട് സർക്കാർ പുലർത്തുന്നത് കാട്ടുനീതിയാണ്. സമരങ്ങളിൽ ചെറുപ്പക്കാരെ തല്ലിച്ചതയ്ക്കുന്ന പൊലീസിനെ നിയന്ത്രിക്കുന്നത് ഹൃദയമില്ലാത്തവരാണെന്നും, ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ ക്രൂരസ്വഭാവമാണെന്നും അദ്ദേഹം പറഞ്ഞു.

മോദി-പിണറായി ധാരണയില്ലെങ്കിൽ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീളുന്ന കള്ളക്കടത്തിന്‍റെ വേരുകൾ കണ്ടെത്താൻ എൻ.ഐ.എയ്ക്ക് കഴിയുമെന്നും അദ്ദേഹം അറിയിച്ചു.

ഡി.സി.സി പ്രസിഡൻ്റ് നെയ്യാറ്റിൻകര സനൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംഘടനാ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി അനിൽ കുമാർ, ജനറൽ സെക്രട്ടറിമാരായ പാലോട് രവി, എം.എം നസീർ സെക്രട്ടറിമാരായ ആർ.വി രാജേഷ്, ജി.വി ഹരി വി.എസ് ശിവകുമാർ എം.എൽ.എ തുടങ്ങിയവർ സന്നിഹിതരായിരുന്നു.