‘സ്ഥാനത്തിനു ചേരാത്ത പരാമർശം, തക്ക മറുപടി പറയാന്‍ ഡിവൈഎഫ്ഐക്ക് അറിയാം’; ബിനോയ് വിശ്വത്തിനെതിരെ എ.എ. റഹിം

 

തിരുവനന്തപുരം: സിപിഐക്കെതിരെ ഡിവൈഎഫ്ഐ. ബിനോയ് വിശ്വത്തിന്‍റെ പ്രസ്താവനയെ വിമർശിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എ.എ. റഹിം എംപി രംഗത്തെത്തി. സ്ഥാനത്തിന് ചേർന്ന പ്രസ്താവനയാണോ ബിനോയ് വിശ്വം നടത്തിയതെന്ന് അദ്ദേഹം പരിശോധിക്കണമെന്ന് എ.എ. റഹിം വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

ബിനോയ് വിശ്വം പറഞ്ഞത് വസ്തുതാപരമായ കാര്യങ്ങൾ അല്ലെന്നും സ്വന്തം സ്ഥാനത്തിന് ചേർന്ന വിമർശനമല്ല അദ്ദേഹം നടത്തിയതെന്നും റഹിം കുറ്റപ്പെടുത്തി. ഇടതുപക്ഷ ഐക്യം സിപിഐ സംസ്ഥാന സെക്രട്ടറി തിരിച്ചറിയണം. ശക്തമായി മറുപടി പറയാൻ ഡിവൈഎഫ്ഐക്ക് അറിയാമെന്നും എ.എ. റഹിം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എസ്എഫ്ഐ തുടരുന്നത് പ്രാകൃത സംസ്കാരമാണെന്നും ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിന്‍റെ ശൈലിയല്ലെന്നുമായിരുന്നു ബിനോയ് വിശ്വത്തിന്‍റെ വിമർശനം. എസ്എഫ്ഐ ശൈലി തിരുത്തിയേ തീരുവെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ എസ്എഫ്ഐക്കാർക്ക് ഇടതുപക്ഷം എന്ന വാക്കിന്‍റെ അർത്ഥം അറിയില്ല. ഇത്തരക്കാർക്ക് അവരുടെ രാഷ്ട്രീയത്തിന്‍റെ ആഴം അറിയില്ല. പുതിയ ലോകത്തിന് മുമ്പിലുള്ള ഇടതുപക്ഷത്തിന്‍റെ കടമയെ കുറിച്ചും അറിയില്ല. അവരെ പഠിപ്പിക്കണം. എസ്എഫ്ഐയെ പഠിപ്പിച്ച് തിരുത്തിയില്ലെങ്കിൽ ഇടതുപക്ഷത്തിന് ബാധ്യതയായി മാറുമെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.

Comments (0)
Add Comment