‘പോത്തൻകോടുകാരുടെയും സമീപ പഞ്ചായത്തുകാരുടെയും ഭീതി അകറ്റണം; അബ്ദുൾ അസീസിന്‍റെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണം’: മുഖ്യമന്ത്രിക്ക് അഡ്വ. റ്റി ശരത്ചന്ദ്ര പ്രസാദിന്‍റെ കത്ത്

പോത്തന്‍കോട്ടെ അബ്ദുള്‍ അസീസിന്‍റെ മരണത്തിന് പിന്നാലെ പ്രദേശവാസികളില്‍ നിലനില്‍ക്കുന്ന ആശങ്കയും ഭീതിയും അകറ്റാന്‍ സർക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. റ്റി ശരത്ചന്ദ്രപ്രസാദ്. അബ്ദുള്‍ അസീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കൊവിഡ് ബാധിച്ചിട്ടല്ല എന്നാണ് അദ്ദേഹത്തിന്‍റെ വീട്ടുകാരും അടുപ്പമുള്ളവരും ഉറപ്പിച്ച് പറയുന്നത്. ഈ സാഹചര്യത്തില്‍ പോത്തൻകോടുകാരുടെയും സമീപ പഞ്ചായത്തുകാരുെടെയും ഭീതി അകറ്റാൻ അബ്ദുൾ അസീസിന്‍റെ മരണത്തെക്കുറിച്ച് സമഗ്രമായ ഒരന്വേഷണം നടത്താൻ ഗവൺമെന്‍റ് തയാറാകണമെന്നാവശ്യപ്പെട്ട് ശരത്ചന്ദ്ര പ്രസാദ് മുഖ്യമന്ത്രിക്ക് കത്തയച്ചു.

ഹൃദയ സംബന്ധമായ അസുഖവുമായി മെഡിക്കൽ കോളേജിലെത്തിയ അസീസിനെ കൊവിഡ് വാർഡിൽ അഡ്മിറ്റ് ചെയ്തത് എന്തിനാണെന്ന ചോദ്യം ശരത്ചന്ദ്രപ്രസാദ് ഉന്നയിക്കുന്നു. ആലപ്പുഴയിൽ അയച്ച് നടത്തിയ പരിശോധനയിൽ അബ്ദുൾ അസീസിന് കൊവിഡ് ഇല്ല എന്നാണ് വ്യക്തമായത്. ഈ റിസള്‍ട്ട് പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാർ തയാറാവണമെന്നും ശരത്ചന്ദ്ര പ്രസാദ് മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ ആവശ്യപ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് ചില സുപ്രധാന വിഷയങ്ങളും അദ്ദേഹം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

 

മുഖ്യമന്ത്രിക്ക് എഴുതിയ കത്തിന്‍റെ പൂർണരൂപം :

പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക്,

ഈ കത്ത് എഴുതുന്നത് സർക്കാരിനെ വിമർശിക്കാനോ ആരോപണം ഉന്നയിച്ച് വിവാദം സൃഷ്ടിക്കാനോ അല്ല. മറിച്ച് എന്തെങ്കിലും ശ്രദ്ധക്കുറവുണ്ടായിട്ടുണ്ടെങ്കിൽ കൂടുതൽ സൂക്ഷ്മത ഉറപ്പു വരുത്തുവാനും ജനങ്ങൾക്ക് ആത്മവിശ്വാസം പകരുവാനുമാണ്.

പോത്തൻകോട്ടെയും സമീപ പഞ്ചായത്തിലേയും ആളുകൾ ഇപ്പോൾ വലിയ ആശ്വാസത്തിലാണ്. കോവിഡ് ബാധിച്ചു മരിച്ചുവെന്ന് പറയുന്ന മുൻ എ.എസ്.ഐ അബ്ദുൾ അസീസിന്‍റെ വീട്ടുകാർക്കും അദ്ദേഹവുമായി നല്ല അടുപ്പമുള്ളവർക്കും കോവിഡ് ഇല്ലാ എന്നതുകൊണ്ട് അബ്ദുൾ അസീസ് മരിച്ച ദിവസം മുതൽ വീട്ടുകാരും നല്ല അടുപ്പമുള്ളവരും ഉറപ്പിച്ച് പറയുന്ന ഒരു കാര്യം അസീസിനെ കോവിഡ് ബാധിച്ചല്ല മെഡിക്കൽ കോളേജിൽ കൊണ്ടു പോയതെന്നാണ്. അസീസിന് നിരവധിയായ മറ്റു ശാരീരിക പ്രശ്നങ്ങൾ ഉള്ള ആളായിരുന്നു.

ഹൃദയ സംബന്ധമായ അസുഖവുമായി മെഡിക്കൽ കോളേജിലെത്തിയ അസീസിനെ എന്തിനാണ് കോവിഡ് വാർഡിൽ അഡ്മിറ്റ് ചെയ്തത്. ഏറ്റവും ഒടുവിൽ ആലപ്പുഴയിൽ അയച്ച് നടത്തിയ പരിശോധനയിൽ അബ്ദുൾ അസീസിന് കോവിഡില്ലാെയെന്നും പറയുന്നു. എന്തായാലും ഈ റിസൾട്ട് പ്രസിദ്ധീകരിക്കണം.

മെഡിക്കൽ കോളേജ് ആശുപത്രിക്കുള്ളിൽ ഒരു രഹസ്യ പരിശോധന നടത്തിയാൽ ഗവൺമെന്‍റിന് സത്യം ബോധ്യമാകും. മരണ കാരണം തിരക്കി മറ്റൊരിടത്തും പോകണ്ട. അത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തന്നെ പരിശോധിച്ചാൽ മതി.

ആയതിനാൽ പോത്തൻകോടുകാരുടെയും സമീപ പഞ്ചായത്തുകാരുെടെയും ഭീതി അകറ്റാൻ അബ്ദുൾ അസീസിന്‍റെ മരണത്തെക്കുറിച്ച് സമഗ്രമായ ഒരന്വേഷണം നടത്താൻ ഗവൺമെന്‍റ് തയ്യാറാകണം.

ഇതോടൊപ്പം അങ്ങയുടെ ശ്രദ്ധയിൽ ചിലകാര്യങ്ങൾ കൂടി ഞാൻ ചൂണ്ടിക്കാണിക്കട്ടെ .

1. കോവിഡ് – 19 ന്റെ ആദ്യകാലഘട്ടത്തിൽ മെഡിക്കൽ കോളേജിലെ സ്റ്റാഫുകളെ പാർപ്പിച്ചിരുന്നത് അവിടെത്തന്നെ വാർഡുകൾ ഒഴിപ്പിച്ചിട്ടാണ്.

2. ഐസലേഷൻ വാർഡിലെയും മറ്റു വാർഡുകളിലേയും സ്റ്റാഫുകളെ ഒരുമിച്ചാണ് കിടത്തിയിരുന്നത്. എതിർപ്പു വന്നപ്പോൾ പിന്നീട് മാറ്റി.

3. കോവിഡ് രോഗികളെ ചികിത്സിക്കുന്ന സ്റ്റാഫുകൾക്ക് ആവശ്യമായ സുരക്ഷാ സാമഗ്രികൾ ആദ്യം മുതലേ ഉണ്ടായിരുന്നില്ല.

4. ഒരു ദിവസം ഉപയോഗിച്ച വസ്ത്രങ്ങളും മാസ്കുകളുമാണ് പിറ്റേ ദിവസവും അവർ ഉപയോഗിച്ചിരുന്നത്.

5. പല കാരണങ്ങൾ കൊണ്ട് കാേറന്റെൈനിൽ കഴിയുന്ന നഴ്സുമാർ അടക്കമുള്ള സ്റ്റാഫുകളെ തന്നെ വീണ്ടും വീണ്ടും ഡ്യൂട്ടിക്ക് ഉപയോഗിക്കുന്നു.

6. ചില സ്റ്റാഫുകൾ വാട്സാപ്പിൽ കൂടിയുള്ള സേവനമല്ലാതെ കോവിഡ് വാർഡിൽ സേവനത്തിന് തയ്യാറാകുന്നില്ല. സ്വാധീനം ഉപയോഗിച്ച് മാറി നിൽക്കുന്നു.

7. DHS , DME യിലും പെട്ട നഴ്സുമാർക്ക് ഒരുപോലെയാണ് ഇതുമായി പരിശീലനം നൽകിയതെങ്കിലും ഇവരിൽ ചിലർക്ക് മാത്രം നിരന്തരം ഡ്യൂട്ടി നൽകുന്നു.

8. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് വാർഡിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരും പിന്നീട് കോറന്റെൈനിൽ പോകേണ്ടി വന്നവരേയും തന്നെ വീണ്ടും കാസർഗോഡ് അടക്കമുള്ള സ്ഥലങ്ങളിലേക്ക് ഡ്യൂട്ടിക്ക് വിടുന്നതിന് പകരം ഇത്തരം ഡ്യൂട്ടിയിൽ നിന്നും മനപ്പൂർവ്വം മാറി നിൽക്കുന്നവരെ കൂടി സേവനം നടത്താൻ നിയോഗിക്കുന്നതാണ് തുല്യ നീതിയെന്ന് ഞാൻ കരുതുന്നു.

9. ജനങ്ങൾക്ക് ആത്മവിശ്വാസം നൽകേണ്ട മന്ത്രിയും കളക്ടറും തമ്മിൽ പരസ്യമായ ഏറ്റുമുട്ടലും ഇല്ലാതാക്കാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

സ്നേഹപൂർവ്വം

അഡ്വ.റ്റി. ശരത്ചന്ദ്ര പ്രസാദ്
കെ.പി.സി.സി. വൈസ് പ്രസിഡന്‍റ്

Comments (0)
Add Comment