കോഴിക്കോട് : സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന അധ്യാപകനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട് നൊച്ചാട് എഎല്‍പി സ്കൂളിലെ അധ്യാപകനും കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയുമായ സി.കെ. അജീഷിനെതിരെയാണ് നടപടിയെടുത്തത്. എന്നാല്‍ പൊലിസ് കള്ളക്കേസ് എടുത്തതാണെന്നും സിപിഎം രാഷ്ട്രീയ വൈരാഗ്യ തീര്‍ക്കുകയാണെന്നും സി.കെ. അജീഷ് പറഞ്ഞു.
നൊച്ചാട് കോണ്‍ഗ്രസ് ഓഫിസിന് നേരെയുണ്ടാ അക്രമണമാണ് എല്ലാത്തിനും തുടക്കം. ആക്രമണത്തിന് പിന്നാലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവിനെ ഒരുസംഘം മര്‍ദിച്ചു. ഈ വിഷയം ചോദ്യം ചെയ്യാനെത്തിയ സി.കെ. അജീഷും പൊലിസുമായി വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് കലാപാഹ്വാനം ആണെന്ന് വാദിച്ച് പോലീസ് കേസെടുത്തു. പിന്നാലെയാണ് സസ്പെന്ഷന് എത്തിയിരിക്കുന്നത്. ടിപി. രാമകൃഷ്ണന് എംഎല്‍എയുടെ പരാതിയിലാണ് വകുപ്പ് തല നടപടി. കലാപാഹ്വാനത്തിന് പുറമേ പൊലിസിനെ ആക്രമിച്ചെന്ന് പറഞ്ഞും അജീഷിനെതിരെ മറ്റൊരു കേസും പോലീസ് എടുത്തിട്ടുണ്ട് . എന്നാല്‍ പൊലിസ് കള്ളക്കേസ് എടുത്തതാണെന്നും സിപിഎം രാഷ്ട്രീയ വൈരാഗ്യ തീര്‍ക്കുകയാണെന്നും സി.കെ. അജീഷ് പറഞ്ഞു.
കേസിനു പിന്നാലെ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യമെടുത്തിരുന്നു. ഇതിന് പിന്നാലെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മാനേജര്‍ക്ക് എഇഒ കത്ത് നല്‍കിയിരുന്നുവെങ്കിലും അധ്യാപകന് നല്കിയ വിശദീകരണം തൃപ്തികരമായതിനാല് നടപടിയെടുക്കാന്‍ കഴിയില്ലെന്ന് മാനേജര്‍ മറുപടി നല്കി. തുടര്‍ന്ന് നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എഇഒക്ക് നിര്‍ദേശം നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് 15 ദിവസത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തത്. എന്നാലിതിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് അജീഷിന്റെ തീരുമാനം.