സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കവെ വിദ്യാർത്ഥിനിയെ ഇടിച്ചു തെറിപ്പിച്ച് ബസ്; അത്ഭുതകരമായി രക്ഷപ്പെട്ടു, ഡ്രെെവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം

 

കോഴിക്കോട്:  കോഴിക്കോട് ചെറുവണ്ണൂരില്‍ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടന്ന വിദ്യാർത്ഥിനിയെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ചു. വെള്ളിയാഴ്ചയായിരുന്നു സംഭവം. കൊളത്തറ സ്വദേശിയായ വിദ്യാര്‍ത്ഥിനി ഫാത്തിമ റിനയെയാണ് അമിത വേഗത്തില്‍ വന്ന ബസ് ഇടിച്ച് തെറിപ്പിച്ചത്. പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ചെറുവണ്ണൂര്‍ സ്കൂളിന് മുന്നിലെ സീബ്ര ലൈനില്‍ വെച്ചായിരുന്നു സംഭവം.

ബസ് ഇറങ്ങി വീട്ടിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുകയായിരുന്നു  ഫാത്തിമ. ഇരുവശത്തും നോക്കി  സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു സംഭവം. കോഴിക്കോട് നിന്ന് കാളികാവിലേക്ക് പോവുകയായിരുന്ന ബസ്സാണ് അമിത വേഗതയിലെത്തി പെണ്‍കുട്ടിയെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഫാത്തിമ ബസ്സിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. എന്നാല്‍ അത്ഭുതകരമായി രക്ഷപ്പെട്ട ഫാത്തിമ ബസ്സിനടിയിൽ നിന്ന് സ്വയം എഴുന്നേറ്റുവരികയായിരുന്നു. ഉടന്‍ തന്നെ ഫാത്തിമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ഉടമയോ ജീവനക്കാരോ തിരിഞ്ഞുനോക്കിയില്ലെന്ന് ഫാത്തിമ പറഞ്ഞു. അതേസമയം ബസ് ഡ്രൈവർക്കെതിരെ നടപടിയെടുക്കണമെന്ന് ഫാത്തിമയുടെ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.

Comments (0)
Add Comment