തിരുവനന്തപുരം: പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി രണ്ടുദിവസമായി കെപിസിസി ആസ്ഥാനത്ത് എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ്മുന്‍ഷിയുടെ നേതൃത്വത്തില്‍ പോഷക സംഘടനകളുടെ ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ച കോണ്‍ഗ്രസിന് പുത്തന്‍ ഉണര്‍വേകി. ആദ്യദിനം മഹിളാ കോണ്‍ഗ്രസ്, കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്, കെപിസിസി ഡിജിറ്റല്‍ മീഡിയ ഭാരവാഹികളുമായും രണ്ടാം ദിനം കെപിസിസി മീഡിയ ആന്‍റ് കമ്യൂണിക്കേഷന്‍സ്, ഐഎന്‍ടിയുസി, ദളിത് കോണ്‍ഗ്രസ്, സേവാദള്‍, സംസ്ഥാന വാര്‍ റൂമിന്‍റെ ചുമതല വഹിക്കുന്നവര്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തി.
ബൂത്ത് തലത്തില്‍ സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്‍റെ പ്രാധാന്യം ദീപാ ദാസ്മുന്‍ഷി യോഗത്തില്‍ നേതാക്കളെ ഓര്‍മ്മിപ്പിച്ചു. നിയോജക മണ്ഡലങ്ങളിലും ബ്ലോക്ക് മണ്ഡലം, ബൂത്തു തലങ്ങളിലും പ്രത്യേക സ്‌ക്വാഡുകളായി പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതപ്പെടുത്തണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വീടുകള്‍ കയറി ജനങ്ങളോട് വിശദീകരിക്കണമെന്നും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പോഷക സംഘടനകള്‍ക്ക് വലിയ പങ്കാണുള്ളതെന്നും ദീപാ ദാസ്മുന്‍ഷി പറഞ്ഞു.
ഫാസിസ്റ്റ് ഭരണാധികാരികളായ നരേന്ദ്ര മോദിയും പിണറായി വിജയനും നേതൃത്വം നല്‍കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണവിരുദ്ധ വികാരം കേരളത്തില്‍ ശക്തമാണ്. ഇരുവര്‍ക്കും എതിരെയാണ് കോണ്‍ഗ്രസ് പോര്‍മുഖം തുറക്കുന്നത്. കോണ്‍ഗ്രസിനും യുഡിഎഫിനും വളരെ അനുകൂല സാഹചര്യമാണുള്ളത്. കൂടുതല്‍ ഊര്‍ജസ്വലമായ പ്രവര്‍ത്തനത്തിലൂടെ ഇരുപത് പാര്‍ലമെന്‍റ് മണ്ഡലങ്ങളിലും യുഡിഎഫിന് വിജയിക്കാന്‍ കഴിയുന്ന സാഹചര്യമാണുള്ളതെന്നും നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടണമെന്നും ദീപാ ദാസ്മുന്‍ഷി അഭിപ്രായപ്പെട്ടു. സിപിഎമ്മിന്‍റെ രാഷ്ട്രീയ നെറികേടുകളും കള്ള പ്രചാരണങ്ങളും അക്രമരീതികളും സംബന്ധിച്ച ബംഗാളില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കൂടിയായ ദീപാ ദാസ്മുന്‍ഷിക്ക് വ്യക്തമായ ധാരണയുള്ളതിനാല്‍ യോഗത്തില്‍ കൃത്യമായ ദിശാബോധം നല്‍കാന്‍ കഴിഞ്ഞു.
കെപിസിസി ഭാരവാഹികളായ ടി.യു. രാധാകൃഷ്ണന്‍, കെ. ജയന്ത്, ജി.എസ്. ബാബു, പഴകുളം മധു, കെപിസിസി ഡിജിറ്റല്‍ മീഡിയ ചെയര്‍മാന്‍ വി.ടി. ബല്‍റാം, കെപിസിസി മീഡിയ ആന്‍റ് കമ്യൂണിക്കേഷന്‍സ് മേധാവി ദീപ്തി മേരി വര്‍ഗീസ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യര്‍, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്‍റ് ആര്‍.ചന്ദ്രശേഖരന്‍, ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് എ.കെ. ശശി, സേവാദള്‍ സംസ്ഥാന പ്രസിഡന്‍റ് രമേശന്‍ കരുവാച്ചേരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിവിധ യോഗങ്ങളില്‍ പങ്കെടുത്തു.