പ്രതീക്ഷയുടെ സിഗ്നല്‍? കരയിലെ തിരച്ചിലില്‍ നിർണായക സിഗ്നല്‍ ലഭിച്ചു, ലോറിയുടേതെന്ന് സംശയം; മണ്ണ് നീക്കി പരിശോധന

 

ബംഗളുരു: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ അകപ്പെട്ട കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലില്‍ നിർണായക വഴിത്തിരിവെന്ന് സൂചന. കരയിലെ തിരച്ചിലില്‍ റഡാറില്‍ നിന്ന് സിഗ്നല്‍ ലഭിച്ചതാണ് ലോറി കണ്ടെത്താനാകുമെന്ന പ്രതീക്ഷ നല്‍കുന്നത്. ഇവിടുത്തെ മണ്ണ് നീക്കിയുള്ള പരിശോധന ആരംഭിച്ചിട്ടുണ്ട്. അതേസമയം പ്രദേശത്ത് കനത്ത മഴ തുടരുന്നത് വെല്ലുവിളിയാണ്. ആശങ്കയായി മണ്ണിടിച്ചില്‍ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.

അത്യാധുനിക റഡാര്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് മണ്ണിനടിയില്‍ ലോഹവസ്തുവുണ്ടെന്ന് വ്യക്തമാക്കുന്ന സിഗ്നല്‍ ലഭിച്ചത്. ലോറി എട്ട് മീറ്റര്‍ താഴ്ചയിലുണ്ടെന്നാണ് പ്രാഥമിക സൂചനകള്‍ ലഭിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ അല്‍പസമയത്തിനകം ഔദ്യോഗിക സ്ഥിരീകരണമുണ്ടാകും. രണ്ട് റഡാറുകള്‍ ഒരേസമയം പ്രവര്‍ത്തിപ്പിച്ച് നടത്തിയ പരിശോധനയ്ക്കിടെയാണ് നിര്‍ണായക സിഗ്നല്‍ ലഭിച്ചതെന്ന് സൈന്യം വ്യക്തമാക്കി. സിഗ്നല്‍ ലഭിച്ച ഭാഗത്ത് ഡീപ് സെർച്ച് മെറ്റല്‍ ഡിറ്റക്റ്റർ ഉപയോഗിച്ചുള്ള പരിശോധന പുരോഗമിക്കുകയാണ്.

കരയിലും പുഴയിലും ഒരേസമയം തിരച്ചില്‍ തുടരുകയാണ്. ഗംഗാവലി പുഴയില്‍ നാവിക സേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. പുഴയില്‍ രൂപപ്പെട്ട വലിയ മണ്‍കൂനകള്‍ കേന്ദ്രീകരിച്ചു പരിശോധന നടക്കും. എം.കെ. രാഘവന്‍ എംപിയും മഞ്ചേശ്വരം എംഎല്‍എയും പ്രദേശത്ത് ക്യാമ്പ് ചെയ്താണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.

Comments (0)
Add Comment