‘ഡല്‍ഹിയിലെ പ്രതിനിധി’ 5 മാസമായി കേരളത്തില്‍ ; എ സമ്പത്ത് വീട്ടിലിരുന്ന് ശമ്പളമായി കൈപ്പറ്റിയത് 3.28 ലക്ഷം രൂപ

Jaihind News Bureau
Friday, October 9, 2020

 

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധി എ സമ്പത്ത് കഴിഞ്ഞ അഞ്ച് മാസത്തിനിടെ വീട്ടിലിരുന്ന് ശമ്പളമായി കൈപ്പറ്റിയത് 3.28 ലക്ഷം രൂപ. വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. കൊവിഡ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്  മുതല്‍ പ്രത്യേക പ്രതിനിധി വീട്ടിലാണ്. ഏപ്രില്‍ മുതല്‍ ഏത്രദിവസം ഡല്‍ഹിയില്‍ ജോലിക്ക് ഹാജരായിരുന്നു, അവധിയില്‍ പ്രവേശിച്ചിട്ടുണ്ടോ എന്നീ ചോദ്യങ്ങള്‍ക്ക് വിവരങ്ങള്‍ ലഭ്യമല്ല എന്നാണ് കേരള ഹൗസിന്‍റെ മറുപടി.

കൊവിഡ് കാലത്ത് ഡല്‍ഹി മലയാളികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാതെ   സമ്പത്ത് കേരളത്തിലേക്ക് മടങ്ങിയത് നേരത്തെ ചര്‍ച്ചയായിരുന്നു. ലോക്ഡൗണ്‍ ആരംഭിക്കുന്നതിന് മുന്‍പുള്ള അവസാന വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം മലയാളി നഴ്‌സുമാര്‍ക്കടക്കം കേരള ഹൗസില്‍ താമസ സൗകര്യം ഒരുക്കണം എന്ന ആവശ്യം ഉയര്‍ന്നപ്പോഴും ഇടപെട്ടിരുന്നില്ല.

ലോക്ഡൗണിന്‍റെ ഭാഗമായി വിമാന, റെയില്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചതോടെ നാട്ടില്‍ കുടുങ്ങിപ്പോയതാണെന്നായിരുന്നു സമ്പത്ത് അന്ന് നല്‍കിയ വിശദീകരണം. എന്നാല്‍ ആഭ്യന്തര വിമാന സര്‍വ്വീസുകളും ട്രെയിന്‍ സര്‍വീസുകളും ഭാഗികമായി പുന:സ്ഥാപിക്കപ്പെട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും  പ്രത്യേക പ്രതിനിധി വീട്ടിലിരുന്ന് ശമ്പളം വാങ്ങുന്നുവെന്നാണ് വിവരാവകാശ രേഖ പറയുന്നത്. 3.23,480 രൂപ അഞ്ച് മാസത്തിനിടെ ശമ്പളമായി കൈപ്പറ്റി. ഡല്‍ഹി പ്രത്യേക അലവന്‍സ് കൂടി ചേരുന്നതാണ് ഈ തുക.

കഴിഞ്ഞവര്‍ഷമാണ് സമ്പത്തിനെ സര്‍ക്കാരിന്‍റെ  ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി മന്ത്രിസഭ നിയമിച്ചത്. സംസ്ഥാന മന്ത്രിക്ക് തുല്യമായ ആനുകൂല്യങ്ങളും സൗകര്യങ്ങളുമായി മന്ത്രിസഭയുടെ കാലാവധി തീരുംവരെയാണ് നിയമനം. സമ്പത്തിനായി പ്രൈവറ്റ് സെക്രട്ടറി, രണ്ട് അസിസ്റ്റന്‍റ്, ഒരു ഓഫീസ് അറ്റന്‍ഡന്‍റ് , ഡ്രൈവര്‍ എന്നീ തസ്തികകളും സര്‍ക്കാര്‍ സൃഷ്ടിച്ചിരുന്നു. സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍ നേടിയെടുക്കാനെന്ന വിശദീകരണത്തോടെയാണ് ക്യാബിനറ്റ് റാങ്കോടെ പ്രത്യേക പ്രതിനിധിയായുള്ള സംസ്ഥാന സർക്കാർ സമ്പത്തിനെ നിയമിച്ചത്.