പണമടച്ചില്ല, മുഖ്യമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ പരസ്യം റെയില്‍വേ മാറ്റി; എംപിയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ക്ക് അസഭ്യവര്‍ഷം

Jaihind Webdesk
Friday, February 22, 2019

തിരുവനന്തപുരം റെയിൽവെസ്റ്റേഷനില്‍ എ.സമ്പത്ത് എം പി യുടെ നേതൃത്വത്തില്‍ ഉപരോധം, അസഭ്യവര്‍ഷം.  എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ 1000 ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍ വളപ്പില്‍ സ്ഥാപിച്ചിരുന്ന പരസ്യ ബോര്‍ഡുകള്‍ കരാറുകാരനോട് മാറ്റാന്‍ പറഞ്ഞതാണ് എംപിയെ ക്ഷുഭിനാക്കിയത്. എന്നാല്‍ കുടിശ്ശിക വരുത്തിയ കമ്പനി സ്ഥാപിച്ച മുഴുവന്‍ പരസ്യ ബോര്‍ഡുകളും നീക്കം ചെയ്യുമെന്നും  പണം അടച്ചു കഴിഞ്ഞാൽ കമ്പനിയ്ക്ക് പരസ്യങ്ങള്‍ പുനഃസ്ഥാപിക്കാമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

എ.സമ്പത്ത് എം പി യുടെ നേതൃത്വത്തിലുള്ള ഡിവൈഎഫ്ഐ സംഘമാണ് തിരുവനന്തപുരം റെയിൽവെ ഡിവിഷണൽ കൊമേഴ്സ്യൽ മനേജറെ അസഭ്യം പറഞ്ഞത് . റെയിൽവെ സ്റ്റേഷനിൽ കേരള സർക്കാരിന്‍റെ 1000 ദിന പരസ്യ ബോർഡുകൾ നീക്കം ചെയ്തതിനെതിരെ എ സമ്പത്ത് എം പിയുടെ നേതൃത്വത്തിൽ സ്റ്റേഷൻ ഡയറക്ടറെ ഉപരോധിക്കുന്നതിനിടെയായിരുന്നു അസഭ്യം വര്‍ഷം.

പരസ്യ കരാറുകാർ പണം നൽകാത്തതിനാലാണ് റെയിൽവെ പരസ്യം നീക്കം ചെയ്യിച്ചത്. തിരുവനന്തപുരം റെയിൽവെ സ്റ്റേഷൻ ഡയറക്ടർ അജയ് കൗശിക്, കൊമേഴ്സ്യൽ മാനേജർ രജേഷ് ചന്ദ്ര എന്നീ ഉദ്യോഗസ്ഥരോടാണ് സിപിഎമ്മിന്‍റെ മുതിർന്ന നേതാവും ജന പ്രതിനിധിയുമായ എ സമ്പത്ത് എംപി ക്ഷുഭിതനായത്.

എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ 1000 ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍ വളപ്പില്‍ സ്ഥാപിച്ചിരുന്ന പരസ്യ ബോര്‍ഡുകളാണ് നീക്കം ചെയ്തത്. സ്വകാര്യ പരസ്യ കമ്പനി മുഖേനയാണ് സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പ് പരസ്യ കരാര്‍ നല്‍കിയത്. പരസ്യ ബോർഡുകൾ സ്ഥാപിക്കാനായി റെയിൽവെയുമായി കരാർ എടുത്തിരിക്കുന്ന സ്വകാര്യ കമ്പനി 55 ലക്ഷം രൂപ കുടിശ്ശിക വരുത്തിയതാണ് ബോർഡ് നീക്കം ചെയ്യാൻ കാരണം. പണം അടച്ചു കഴിഞ്ഞാൽ പരസ്യം പുനഃസ്ഥാപിക്കുമെന്ന് റെയിൽവെ കൊമേഴ്സ്യൽ മാനേജർ രജേഷ് ചന്ദ്ര പറഞ്ഞു. റെയിൽവേക്ക് പണം നൽകാനുണ്ടെന്ന് പരസ്യകമ്പനിയും വ്യക്തമാക്കി. റെയില്‍വേയുടെ അനുമതിയില്ലാതെയാണ് ഏജന്‍സി ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്നും ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ അറിയിച്ചു. ഇക്കാര്യം കമ്പനി ഉടമയും സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ല, തെരഞ്ഞെടുപ്പായതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പരസ്യത്തിന് വിലക്കും ഉണ്ട്.

റെയില്‍വേയുടെ നിര്‍ദ്ദേശാനുസരണം കരാറുകാരനാണ് പരസ്യ ബോര്‍ഡുകള്‍ നീക്കിയത്. കുടിശ്ശിക വരുത്തിയ കമ്പനി സ്ഥാപിച്ച മുഴുവന്‍ പരസ്യ ബോര്‍ഡുകളും നീക്കം ചെയ്യുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

എന്നാല്‍, സർക്കാർ പരസ്യങ്ങൾ റെയില്‍വേ മനഃപൂര്‍വ്വം നീക്കം ചെയ്തു എന്ന് വരുത്തീര്‍ത്ത് സംഭവത്തെ രാഷ്ട്രീയ വൽക്കരിക്കാൻ ശ്രമിക്കുകയാണ് ഇടതു നേതാക്കൾ. കരാര്‍ കാലാവധി അവസാനിക്കും മുന്‍പ് സര്‍ക്കാര്‍ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്തതെന്ന് ആരോപിച്ച് സിപിഎം നേതാക്കള്‍ 2 മണിക്കൂറോളം ഉദ്യോഗസ്ഥരെ ഉപരോധിച്ചു. പണം അടച്ചാല്‍ മുഖ്യമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തിയ പരസ്യം പുനസ്ഥാപിക്കാമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്