ആലപ്പുഴ : പോലീസുകാരൻ മദ്യലഹരിയിൽ ഹോട്ടൽ അടിച്ചു തകർത്ത സംഭവത്തിൽ ആലപ്പുഴ സൗത്ത് പോലീസ് വധശ്രമത്തിന് കേസെടുത്തു. ചങ്ങനാശ്ശേരി ട്രാഫിക് പോലീസ് സ്റ്റേഷനിലെ സിപിഒ കെ.എഫ്. ജോസഫിനെതിരെയാണ് കേസ് എടുത്തത്. ആലപ്പുഴ വാടക്കൽ സ്വദേശിയാണ് കെ.എഫ്. ജോസഫ്. പോലീസുകാരന്‍റെ അതിക്രമത്തിൽ 6 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ഹോട്ടലുടമ ആരോപിച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഹോട്ടലിലെ കുഴിമന്തി കഴിച്ച ശേഷം ഭക്ഷ്യ വിഷബാധയുണ്ടായെന്നും ഇതാണ് ഹോട്ടലിൽ കയറിയുളള അതിക്രമത്തിന് കാരണമെന്നുമാണ് പോലീസുകാരന്‍റെ മൊഴി. ചങ്ങനാശ്ശേരിയിൽ ഡ്യൂട്ടി കഴിഞ്ഞ് വന്നശേഷമാണ് പ്രതി അക്രമം നടത്തിയത്. ആലപ്പുഴയിലെ ബാറിൽ എത്തി മദ്യപിച്ച ശേഷമായിരുന്നു സംഭവം.
കഴിഞ്ഞ ദിവസമാണ് ബൈക്കിന് മുന്നിൽ വടിവാൾ വെച്ച് ഹോട്ടലിനകത്തേക്ക് ഇടിച്ചു കയറ്റിയ പ്രതി ചില്ലുകളടക്കം ഉപകരണങ്ങൾ അടിച്ചു തകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തത്. വൈകിട്ട് നാലരയോടെ കളര്‍കോടെ അഹലാൻ കുഴിമന്തി ഹോട്ടലിലാണ് അതിക്രമങ്ങൾ അരങ്ങേറിയത്. ബൈക്കിന് മുന്നിൽ വടിവാൾ വെച്ചുകൊണ്ടാണ് സിവിൽ പോലീസ് ഓഫീസറായ കെ.ജെ. ജോസഫ് ഹോട്ടലിൽ എത്തിയത്. ആദ്യം ഹോട്ടലിന്‍റെ ചില്ലുകൾ അടിച്ചു തകർത്തു. ഇരുചക്രവാഹനം ഹോട്ടലിലേയ്ക്ക് ഓടിച്ചു കയറ്റി. ഹോട്ടൽ ജീവനക്കാരെ ആക്രമിച്ചു. അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ജോസഫ് മദ്യലഹരിയിൽ ആയിരുന്നു. ഒടുവില്‍ നാട്ടുകാർ പിടികൂടി പോലീസുകാർക്ക് കൈമാറുകയായിരുന്നു.