തിരുവനന്തപുരം: മദ്യപിച്ച് എത്തിയ ലൈൻമാന് എതിരെ പരാതി നൽകിയതിന് കുടുംബത്തെ ഇരുട്ടിലാക്കി തിരുവനന്തപുരം വർക്കലയിലും കെഎസ്ഇബി ജീവനക്കാരുടെ അതിക്രമം. പ്രതിഷേധങ്ങളെയും പരാതിയേയും തുടർന്ന് അർധരാത്രിയോടെ വൈദ്യുതി പുനഃസ്ഥാപിച്ചു. കോഴിക്കോടിന് പിന്നാലെ വർക്കല അയിരൂരിലെ രാജീവന്‍റെ വീട്ടിൽ കെഎസ്ഇബി ഉദ്യോഗസ്ഥർ കാട്ടിയ പരാക്രമത്തിനെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം ഉയരുകയാണ്.
വൈദ്യുതി മീറ്ററിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് തകരാറിലായ വൈദ്യുതി പുനഃസ്ഥാപിക്കാൻ വർക്കല അയിരൂരിലെ രാജീവന്‍റെ വീട്ടിൽ ജീവനക്കാർ മദ്യപിച്ച് എത്തിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. മദ്യപിച്ചെത്തിയ ജീവനക്കാർ മീറ്ററിലെ തീപിടിത്തത്തിന് കാരണക്കാർ വീട്ടുകാരാണെന്ന് ആരോപിച്ച് ഇവരോട് തട്ടിക്കയറി. മദ്യപിച്ചത് ചോദ്യം ചെയ്ത വീട്ടുകാർക്ക് നേരെ കെഎസ്ഇബി ജീവനക്കാർ അശ്ലീല പദപ്രയോഗങ്ങളും നടത്തി. തർക്കത്തെ തുടർന്ന് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാതെ ഇവർ മടങ്ങിയതോടെ രാജീവന്‍റെ കുടുംബം പോലീസിൽ പരാതി നൽകി. പോലീസിൽ പരാതി നൽകിയതിന്‍റെ വൈരാഗ്യത്തിൽ പിന്നീട് തകരാർ പരിഹരിക്കുവാൻ കെഎസ്ഇബി അധികൃതർ തയാറായില്ല.
ഇതിനിടെ പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ട് കെഎസ്ഇബി എൻജിനീയർ ഭീഷണിപ്പെടുത്തിയെന്നും രാജീവ് ആരോപിച്ചു. സംഭവം വിവാദമായതോടെ അർധരാത്രിയിൽ കെഎസ്ഇബി അധികൃതർ എത്തി വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. കോഴിക്കോടിന് പിന്നാലെ വർക്കലയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന കുടുംബത്തെ മണിക്കൂറുകളോളം ഇരുട്ടിൽ ആക്കിയ കെഎസ്ഇബി അധികൃതരുടെ പരാക്രമത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. കുറ്റക്കാരായ ജീവനക്കാർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമാവുകയാണ്.