ഖസാകിസ്താനില്‍ യാത്രാവിമാനം തകർന്നുവീണ് വന്‍ അപകടം; ഒട്ടേറെ മരണം,12 പേരെ രക്ഷപ്പെടുത്തി

Wednesday, December 25, 2024

 

അസ്താന: കസാഖിസ്ഥാനില്‍ യാത്രാ വിമാനം തകര്‍ന്നു വീണ് നിരവധിപ്പേര്‍ മരിച്ചു. 67 യാത്രക്കാരും അഞ്ച് ജീവനക്കാരുമായി റഷ്യയിലേക്ക് പറക്കുകയായിരുന്ന അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനമാണ് ലാന്‍റിങിനിടെ തീപിടിച്ച് കത്തിയമര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന 12 പേര്‍ രക്ഷപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. മരണ സംഖ്യ സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

കനത്ത മൂടല്‍ മഞ്ഞ് കാരണം അക്തു വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം ലാന്‍റ് ചെയ്യാന്‍ പല തവണ ശ്രമിച്ചതായും കസാഖ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഗ്‌നിഗോളമായി വിമാനം നിലത്തേക്ക് പതിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. താഴ്ന്ന് പറന്ന വിമാനം നിലത്തു തട്ടിയ ശേഷമാണ് തീപിടിച്ചത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി കസാഖ് എമര്‍ജന്‍സി മന്ത്രാലയം അറിയിച്ചു.