പുരകത്തുമ്പോള്‍ വാഴ വെട്ടുന്ന സമീപനമാണ് വനംവകുപ്പിന്റേതെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. വനംവകുപ്പിന്റേത് ശത്രുതാപരമായ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല മാസ്റ്റര്‍പ്ലാന്‍ ചൂണ്ടിക്കാട്ടിയാണ് വനം വകുപ്പ് ശത്രുതാപരമായി പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു അനധികൃത കെട്ടിടം പോലും ശബരിമലയില്‍ ഉണ്ടാകരുതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാടെന്ന് കൂട്ടിച്ചേര്‍ത്ത പത്മകുമാര്‍, എന്നാല്‍ രാഷ്ട്രീയമായ ആക്രമണമാണ് വനംവകുപ്പിനെതിരെ നടത്തിയിരിക്കുന്നത്. ഇടതുമുന്നണിയില്‍ സി.പി.ഐ കൈകാര്യം ചെയ്യുന്ന വനംവകുപ്പിനെതിരെ സി.പി.എമ്മുകാരനായ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാര്‍ സി.പി.ഐക്കെതിരെ കടന്നാക്രമണം തന്നെയാണ് ഇവിടെ നടത്തിയിട്ടുള്ളത്.
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അരങ്ങുതകര്‍ക്കുന്ന് സാഹചര്യത്തിലാണ് ‘പുരകത്തുമ്പോള്‍ വാഴ വെട്ടരുത്’ എന്ന ഉപമയുമായി പത്മകുമാര്‍ രംഗത്തെത്തിയത്. മാത്രവുമല്ല, യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പത്മകുമാറിന്റെ വിരുദ്ധനിലപാടുകള്‍ക്കെതിരെ സി.പി.ഐ നേരത്തെ ചില അഭിപ്രായപ്രകടനങ്ങളും നടത്തിയിരുന്നു. ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് സി.പി.ഐയുടെ വകുപ്പായ വനംവകുപ്പിനെതിരെ ഇന്ന് കടന്നാക്രമണം നടത്തിയത്.