സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് എ.പത്മകുമാര്‍; മരടിലേതും സുപീം കോടതി വിധി

Jaihind News Bureau
Saturday, September 28, 2019

സുപ്രീം കോടതി വിധികളോട് സംസ്ഥാന സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പത്മകുമാര്‍. ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതി വിധി നടപ്പായെന്ന് പറയുന്നവര്‍ മരട് ഫ്ലാറ്റ് വിധിയില്‍ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശബരി യുവതി പ്രവേശനത്തിലൂടെ മാത്രം നവോത്ഥാനം പൂര്‍ത്തിയാകില്ല. ശബരിമല പോലെ മരടിലേതും സുപ്രീം കോടതി വിധിയാണ്.  ശബരിമല യുവതി പ്രവേശന വിധി തിടുക്കത്തില്‍ നടപ്പിലാക്കിയ സര്‍ക്കാര്‍ മരട് ഫ്ലാറ്റ് പൊളിക്കലിനോട് മുഖം തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മരടില്‍ പത്തോ അമ്പതോ ഉടമകളേ ഉള്ളു.  എന്നാല്‍ ശബരിമലയില്‍ വിശ്വസിക്കുന്ന ലക്ഷക്കണക്കിന് ആളുകളുണ്ട്.  പക്ഷേ സുപ്രീം കോടതി വിധി എന്തായാലും അത് നടപ്പിലാക്കണമെന്നാണ് ശബരിമല കാര്യത്തില്‍ പറഞ്ഞിരുന്നത്.  നവോത്ഥാനം എന്നത് പിന്നോക്ക വിഭാഗത്തിന്‍റെ ഉന്നതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വരേണ്ട പ്രശ്‌നമാണ്.

വെല്ലുവിളിച്ച് ശബരിമലയില്‍ കയറുന്നതും അല്ലാത്തതും തമ്മില്‍ വ്യത്യാസമുണ്ട്. തന്‍റെ വീട്ടില്‍ നിന്ന് ആരും ശബരിമലയില്‍ പോകില്ലെന്ന നിലപാട് പത്മകുമാര്‍ ആവര്‍ത്തിച്ചു.