കൊച്ചി: കുസാറ്റ് ഷിപ് ടെക്നോളജി വകുപ്പ് സംഘടിപ്പിച്ച ഏകദിന കപ്പല്‍ സാങ്കേതിക ഗവേഷക ശില്പശാല കുസാറ്റ് ഫാക്കല്‍റ്റി ഓഫ് ടെക്നോളജി ഡീന്‍ ഡോ. എം. കൈലാസ് നാഥ് ഉദ്ഘാടനം ചെയ്തു. ”ഫലപ്രദമായ ഗവേഷണങ്ങള്‍ക്ക് വിവിധ സാങ്കേതിക മേഖലകള്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളും, യോജിച്ചുള്ള പ്രവര്‍ത്തനങ്ങളും അനിവാര്യമാണെന്ന്” അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കുസാറ്റ് ഷിപ് ടെക്നോളജി സെമിനാര്‍ ഹാളില്‍ നടന്ന ഉദ്ഘാടന യോഗത്തില്‍ ഷിപ് ടെക്നോളജി വകുപ്പ് മേധാവി ഡോ. പി.കെ. സതീഷ് ബാബു അധ്യക്ഷത വഹിച്ചു. മുന്‍ വകുപ്പ് മേധാവി ഡോ. എ. മതിയഴകന്‍, റിസര്‍ച്ച് കമ്മിറ്റി കോര്‍ഡിനേറ്റര്‍ ഡോ. ടി.കെ. ഫവാസ്, ഡോ. രാജേഷ് പി. നായര്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്നു നടന്ന സാങ്കേതിക സെഷനില്‍ ഡി.ആര്.ഡി.ഒയുടെ കീഴിലുള്ള നേവല്‍ റിസര്‍ച്ച് ബോര്‍ഡിന്റെ ഹൈഡ്രോഡൈനാമിക്സ് പാനല്‍ ചെയര്‍മാനും കുസാറ്റ് എമറിറ്റസ് പ്രൊഫസറുമായ ഡോ. പി. കൃഷ്ണന്‍കുട്ടി, എന്‍.ആര്.ബി ഹൈഡ്രോ-വൈബ്രോ-അക്കൗസ്റ്റിക്സ് പാനല്‍ ചെയര്മാന് ഡോ. ഡി.ഡി. എബനേസര്‍, കുസാറ്റ് സ്കൂള്‍ ഓഫ് എഞ്ചിനീയറിങ്ങ് അസിസ്റ്റന്റ് ലൈബ്രേറിയന്‍ ഡോ. സുരേന്ദ്രന് ചെറുകോടന്‍, ഡോ. ടി.കെ. ഫവാസ് എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. ആളില്ലാക്കപ്പല് രൂപകല്പന, പുനരുത്പാദനക്ഷമമായ ഊര്‍ജ്ജ ഉറവിടങ്ങള്‍, കപ്പലുകളിലെ കാര്‍ബണ്‍ വിമുക്തി, ശബ്ദ രഹിത അന്തര്‍വാഹിനികള്‍, ഉള്‍നാടന്‍ ജലഗതാഗതം, നൂതന കപ്പല്‍ നിര്‍മ്മാണ പദാര്‍ത്ഥങ്ങള്‍, ഷിപ് പൊസിഷനിങ് സിസ്റ്റംസ്, കംപ്യൂട്ടേഷനല്‍ ഫ്ളൂയിഡ് ഡൈനാമിക്സ് തുടങ്ങിയ മേഖലകളിലുള്ള ഗവേഷണ സാധ്യതകള്‍ ശില്പശാല ചര്‍ച്ച ചെയ്തു.