കൊച്ചുവേളിയില്‍ പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടിത്തം

 

തിരുവനന്തപുരം: കൊച്ചുവേളിയിൽ പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടിത്തം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വെളുപ്പിനു നാലരയോടെയാണ് തീപിടിത്തമുണ്ടായത്. 12 യൂണിറ്റ് ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സൂര്യ പാക്ക് എന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. പ്ലാസ്റ്റിക് ഗോഡൗണിൽ എത്തിച്ച് റീസൈക്കിൾ ചെയ്ത് വീണ്ടും പ്ലാസ്റ്റിക് ആക്കുന്ന സ്ഥാപനമാണിത്. കെട്ടിടം പ്രവർത്തിക്കുന്നത് അനധികൃതമായെന്നാണ് സൂചനയുണ്ട്. ചാക്കുകളിൽ നിറച്ച് കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക്ക് കുപ്പികൾക്ക് തീപിടിച്ചത് ദൗത്യം സങ്കീർണ്ണമാക്കി.

കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക്കിനാണ് ആദ്യം തീ പിടിച്ചത്. പിന്നീട് ഗോഡൗണിലേക്ക് തീ പടരുകയായിരുന്നു. ഫാക്ടറിയിലെ വെളിച്ചം കണ്ട ജീവനക്കാരാണ് തീപിടിത്തം ആദ്യമറിഞ്ഞത്. തുടർന്ന് ഇവർ അറിയിച്ച പ്രകാരം ഫയർഫോഴ്‌സ് എത്തുകയായിരുന്നു. മേഖലയിൽ ഒട്ടനവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിനാൽ തീ പടരാതിരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീപിടിത്തം ഉണ്ടായ സ്ഥാപനത്തിന് ലൈസൻസ് ഇല്ലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സിന്‍റെ എൻഒസി കെട്ടിടത്തിൽ പാലിച്ചിട്ടില്ലെന്നാണ് സൂചന. തീ നിയന്ത്രണ വിധേയമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു.

Comments (0)
Add Comment