മലപ്പുറത്തേയ്ക്ക് ന്യൂസിലന്‍റ് പ്രധാനമന്ത്രി ജസിൻഡ ആർഡേന്‍റെ സ്നേഹസന്ദേശം; മറുപടി എത്തിയതോടെ നാട്ടിലെ താരമാണ് പിറന്നാളാശംസ നേര്‍ന്ന 14കാരിയായ അമാന അഷ്റഫ്

ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡന് അയച്ച കത്തിന് മറുപടി ലഭിച്ചതിന്‍റെ ആഹ്ലാദത്തിലാണ് പൊന്നാനിക്കാരി അമാന അഷ്റഫ്  എന്ന കൊച്ചുമിടുക്കി. ജസീന്ത ആർഡണിന്‍റെ ജന്മദിനത്തിന് ആശംസ അറിയിച്ച് എഴുതിയ കത്തിന് മറുപടി ലഭിച്ചതോടെ നാട്ടുകാർക്കിടയില്‍ താരമാണ് ഇപ്പോള്‍ ഈ പത്താം ക്ലാസുകാരി.  ന്യൂസിലന്‍റിലെ ക്രൈസ്റ്റ്ചർച്ച് വെടിവെപ്പിന് സ്നേഹം കൊണ്ട് മറുപടി നൽകിയ പ്രധാനമന്ത്രി ജസീന്ത ആർഡണിന്‍റെ ഏറ്റവും വലിയ ആരാധകരിൽ ഒരാളാവും മലപ്പുറം പൊന്നാനിയിലെ പതിനാലു വയസുകാരിയായ അമാന അഷ്റഫ്.

ക്രൈസ്റ്റ്‌ചർച്ച് മസ്ജിദുകളിലുണ്ടായ ഭീകരാക്രമണത്തെക്കുറിച്ചുള്ള സങ്കടവും അതിജീവനത്തിന്‍റെ സന്തോഷവും മകളുടെ വിശേഷങ്ങളും വിവരിക്കുന്ന കത്ത് അമൂല്യനിധിയായി സൂക്ഷിക്കുകയാണ് അമാന.

സ്ത്രീയായതിന്‍റെ പേരിൽ ഒരു പരിമിതികളും തന്നെ തളർത്തില്ലെന്ന് സ്വജീവിതം കൊണ്ട് തെളിയിച്ച ആളാണ് ജസീന്ത ആർഡൻ. അതു തന്നെയാണ് അമാനയെ ആകർഷിച്ചതും.  തുടര്‍ന്ന് ജസിന്തയെ കൂടുതൽ അടുത്തറിയാനുള്ള ശ്രമമായി. ഇന്‍റര്‍നെറ്റിലൂടെയും മറ്റും വിവരങ്ങള്‍ ശേഖരിച്ച അമാന തന്‍റെ ആരാധ്യ നേതാവിന് പിറന്നാള്‍ ആശംസിച്ച് ന്യൂസിലൻഡിലേക്ക് കത്തയക്കാൻ തീരുമാനിച്ചു.  പിന്നെ വൈകിയില്ല,   ജന്മദിനമായ ജൂലൈ 26ന് ആറു ദിവസം മുൻപ് കത്തെഴുതി.  പ്രധാനമന്ത്രിയ്ക്ക് 39 ആം പിറന്നാള്‍ ആശംസയും  അതോടൊപ്പം മനസ്സറിഞ്ഞ അഭിനന്ദനവും എല്ലാം ചേര്‍ത്ത് കത്തിലൂടെ അമാന മനസ്സ് തുറന്നു. പ്രധാന വിഷയം ക്രൈസ്റ്റ്ചർച്ചിലെ മുസ്‌ലിം പള്ളികളിലുണ്ടായ ഭീകരാക്രമണം തന്നെ.

ഇഷ്ടത്തിനു പിന്നിൽ ഒരുപാട് കാരണങ്ങളുണ്ടെന്നും കൂടുതല്‍ അറിയുവാനായി വായിച്ചതെല്ലാം നല്ല വാർത്തകളായിരുന്നുവെന്നും ജസീന്തയ്ക്കുള്ള കത്തില്‍ അമാന കുറിച്ചു.  കൈക്കുഞ്ഞുമായി പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതും തട്ടമിട്ട് ക്രൈസ്റ്റ്ചർച്ചിലെ മുസ്‌ലീങ്ങൾക്കിടയിൽ  അവരില്‍ ഒരാളായി എത്തി, അവരുടെ പ്രാർഥനകളിൽ പങ്കെടുത്തതും വെറുപ്പിനെ തോൽപിച്ചുകളഞ്ഞ നിലപാടുകളും എല്ലാം അമാന ഓര്‍ത്തെടുത്തു.  ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ചേർത്തു പിടിച്ച്, ‘നിങ്ങൾ ഞങ്ങൾ തന്നെയാണെന്നു’ പറഞ്ഞ മറ്റൊരു പ്രധാനമന്ത്രിയെ കണ്ടിട്ടില്ലെന്ന് പറയുന്ന അമാന ജസീന്ത ആര്‍ഡനെഴുതി : ‘ലോകാവസാനം വരെ ജനങ്ങൾ പറയും, വെറുപ്പിനെ സ്നേഹം കൊണ്ട് തോൽപിച്ചുകളഞ്ഞ പ്രധാനമന്ത്രിയാണ് നിങ്ങൾ’ എന്ന്.  പ്രധാനമന്ത്രിയെ കേരളത്തിലേയ്ക്ക് ക്ഷണിക്കാനും അമാന മറന്നില്ല. ഒരു കത്തയയ്ക്കുമ്പോള്‍ മറുപടി ആഗ്രഹിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ തീരെ പ്രതീക്ഷിക്കാതെ മസ്ജിദുകളുടെ നാടായ പൊന്നാനിയിലേക്ക് ന്യൂസിലൻഡിൽ നിന്നും മറുപടി എത്തി.

കേരളത്തെക്കുറിച്ച് കത്തിൽ ഏറെ പരാമർശിച്ച അമാനയെ ഏറ്റവും സന്തോഷിപ്പിച്ചത് ‘കേരളം മനോഹരമാണെന്നു കേട്ടിട്ടുണ്ട്. ഒരു ദിവസം നേരിട്ടു കാണാൻ കഴിയുമെന്നു തന്നെയാണ് പ്രതീക്ഷ’ എന്നു കുറിച്ചതിലാണ്. വളർന്നുവരുന്ന തന്‍റെ പിഞ്ചോമനയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പ്രധാനമന്ത്രി കത്തിൽ പരാമർശിച്ചതും അമാനയെ ഏറെ സന്തോഷിപ്പിക്കുന്നു.  ഒന്നരവയസ്സുകാരി മകൾ നീവേയെക്കുറിച്ചുള്ള അമാനയുടെ സ്നേഹാന്വേഷണത്തിനുള്ള മറുപടിയായി മകള്‍ക്ക് സുഖമാണെന്നും അതിവേഗം വളരുന്ന അവള്‍ സംസാരിച്ചു തുടങ്ങിയെന്നും  അത് കേള്‍ക്കാന്‍ രസമാണെന്നും ഇപ്പോള്‍ എല്ലാവര്‍ക്കും അവള്‍ ഹായ് പറയുന്നുണ്ടെന്നും ആ അമ്മ മനസ്സില്‍ നിന്നുള്ള വരികളും കത്തിലുണ്ട്.

“ന്യൂസീലൻഡിന് കുറച്ചു മാസങ്ങൾ ഏറെ പ്രയാസമേറിയതായിരുന്നു, പ്രത്യേകിച്ചും ‍മുസ്‌ലിം സമുദായത്തിന്. പക്ഷേ, അമാനയെപ്പോലുള്ളവരുടെ കത്തുകൾ ഒരു പാട് സഹായിച്ചു. ഒപ്പം നിൽക്കാനും, വെറുപ്പിനും വിഭജനത്തിനും പകരം സ്നേഹവും ഐക്യദാർഢ്യവും പകർന്നുനൽകാനും സന്നദ്ധരായ സുഹൃത്തുക്കൾ ലോകമെമ്പാടുമുണ്ടെന്ന അറിവ് കരുത്ത് നൽകി” – ഭീകരാക്രമണത്തെക്കുറിച്ചുള്ള എല്ലാ ഉത്കണ്ഠകളും അതിജീവനത്തിന്റെ സന്തോഷവും  കത്ത് പങ്കുവയ്ക്കുന്നു.

ടൈപ്പ് ചെയ്ത കത്തിൽ ‘എഴുതിയതിന് ഒരിക്കൽകൂടി നന്ദി’ എന്ന് സ്വന്തം കൈപ്പടയിൽ എഴുതുക കൂടി ചെയ്തു ജസീന്ത.

പെരുമ്പിലാവ് അൻസാർ ഇംഗ്ലിഷ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് അമാന.

https://youtu.be/WPaoq6qvr20

Amana AshrafJacinda Ardern
Comments (0)
Add Comment