സിപിഎം ജില്ലാ സമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍ : മുതുർന്ന നേതാവ് രാജിവച്ചു

Jaihind Webdesk
Thursday, December 16, 2021

സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തിൽ നാടകീയ രംഗങ്ങൾ. ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് മുതിർന്ന നേതാവ് പി.എൻ ബാലകൃഷ്ണൻ സമ്മേളനത്തിൽ നിന്നും ഇറങ്ങി പോയി. പാർട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ സാന്നിധ്യത്തിലായിരുന്നു ഇറങ്ങിപ്പോക്ക്.

സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് പൂർത്തിയാകുമ്പോൾ അപ്രതീക്ഷിതമായാണ് മുതിർന്ന നേതാവ് പിഎൻ ബാലകൃഷ്ണൻ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയതും, പാർട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചതും. കവലങ്ങാട് ഏരിയ കമ്മിറ്റിയിൽ നിന്നുള്ള നേതാവായിരുന്ന പിഎൻ ബാലകൃഷ്ണൻ ഏറെ കാലമായി സിപിഎം ജില്ല നേതൃത്വത്തിന്‍റെ കണ്ണിലെ കരടായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ ചില മുതിർന്ന സിപിഎം നേതാക്കൾക്കെതിരെ പിഎൻ ബാലകൃഷ്ണൻ നേരത്തെ നടത്തിയ വിമർശനങ്ങൾ വലിയ ചർച്ചയായിരുന്നു. ഇതിന്‍റെ പ്രതികാരമായിട്ടാണ് ഇത്തവണ ജില്ല നേതൃത്വം ബാലകൃഷ്ണനെ ജില്ല കമ്മിറ്റിയിൽ നിന്നും വെട്ടിയത്. എന്നാൽ ബാലകൃഷ്ണന്‍റെ ഭാഗത്ത് നിന്നും പരസ്യ പ്രതിഷേധം ഉയരുമെന്ന് പാർട്ടി നേതൃത്വം കരുതിയിരുന്നില്ല. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സിഎൻ മോഹനനെ വീണ്ടും ഏകകണ്ഠമായി തിരഞ്ഞെടുത്തതായി അറിയിപ്പ് വന്നതിനു പിന്നാലെയാണ് കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് പിഎൻ. ബാലകൃഷ്‌ണൻ ജില്ലാ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയത്.

രാവിലെ ചേർന്ന ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ സാന്നിധ്യത്തിൽ പ്രതിഷേധം അറിയിച്ചാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജി വയ്ക്കുന്നതായി അറിയിച്ചുകൊണ്ടുള്ള ഇറങ്ങിപ്പോക്ക് ബാലകൃഷ്ണൻ നടത്തിയത് എന്നതും ശ്രദ്ധേയമാണ്.അതേ സമയം എറണാകുളത്ത് 46 അംഗ ജില്ലാ കമ്മിറ്റിയെയും 12 പേർ അടങ്ങുന്ന ജില്ലാ സെക്രട്ടേറിയറ്റിനെയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ സാന്നിധ്യത്തിൽ തിരഞ്ഞെടുത്തു.ജില്ലാ കമ്മിറ്റിയിൽ നിന്ന് പി.എൻ.ബാലകൃഷ്ണനെ കൂടാതെ മുതിർന്ന സിപിഎം നേതാക്കളായ കെ.എം. സുധാകരൻ, ഗോപി കോട്ടമുറിക്കൽ, എന്നിവരെയും ഒഴിവാക്കി.