പ്രിയങ്കാ ഗാന്ധിയുടെ കടന്നുവരവ് രാഹുല്‍ ഗാന്ധി നടത്തിയ മാസ്റ്റര്‍ സ്ട്രോക്ക്: എ.കെ ആന്‍റണി

Jaihind Webdesk
Thursday, January 24, 2019

പ്രിയങ്കാ ഗാന്ധിയുടെ വരവ് രാഹുൽ ഗാന്ധി നടത്തിയ  മാസ്റ്റർ സ്ട്രോക്കെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ ആന്‍റണി.അതിന്‍റെ അലയൊലികൾ ഉണ്ടാകുമെന്ന് പറഞ്ഞ അദ്ദേഹം മോദിയുടെ ഭരണം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്നും അഞ്ച്  വർഷത്തെ മോദി ഭരണം ഇന്ത്യൻ സമൂഹത്തെ  തകർത്തെന്നും പറഞ്ഞു.

ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങള്‍ ഒന്നൊന്നായി മോദി സര്‍ക്കാര്‍ തകര്‍ക്കുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളെ ആര്‍.എസ്.എസ് പിടിച്ചെടുക്കുന്നു. മൌലികാവകാശങ്ങള്‍ നിയന്ത്രിക്കപ്പെടുന്നു. നാനാത്വം തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പറഞ്ഞ എ.കെ ആന്‍റണി പൌരന്മാര്‍ക്കിടയില്‍ കേന്ദ്രസര്‍ക്കാര്‍ അസമത്വം സൃഷ്ടിച്ചുവെന്നും രാജ്യത്തിന്‍റെ 50 ശതമാനം സമ്പത്ത് പത്ത് കോര്‍പറേറ്റുകള്‍ക്കായി പോയെന്നും പറഞ്ഞു.

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാവുകയും ദളിതര്‍ക്കെതിരായ പീഡനം വര്‍ധിക്കുകയും ചെയ്തു.  കോണ്‍ഗ്രസിന്‍റെ ലക്ഷ്യം ഇന്ത്യയെ മാതൃകാരാജ്യമായി പുനഃസ്ഥാപിക്കുക എന്നതാണ്.  എന്തുവിലകൊടുത്തും മോദി ഭരണം അവസാനിപ്പിക്കും. രാഹുല്‍ ഗാന്ധിയുടെ പടയോട്ടത്തിന് കരുത്ത് പകരാന്‍ പ്രിയങ്കയുടെ സ്ഥാനലബ്ധി സഹായിക്കും. കെ.സി വേണുഗോപാലിന്‍റെ പുതിയ ചുമതല സംഘടനയ്ക്ക് ഊര്‍ജം പകരുമെന്നും ആന്‍റണി പറഞ്ഞു.

നാല് മാസം കഴിയുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന് പറഞ്ഞ എ.കെ ആന്‍റണി മോദി സര്‍ക്കാരിന്‍റെ എക്സ്പയറി ഡേറ്റ് കഴിഞ്ഞുവെന്നും നവകേരളസൃഷ്ടി സ്വപ്നം കണ്ട കേരളജനതയെ ബി.ജെ.പിയും സംസ്ഥാന സര്‍ക്കാരും തമ്മിലടിപ്പിച്ചുവെന്നും കുറ്റപ്പെടുത്തി. ബി.ജെ.പിയും സി.പി.എമ്മും കലാപം സൃഷ്ടിച്ച് കേരളത്തെ തകര്‍ത്തുതരിപ്പണമാക്കുകയാണ് ചെയ്തത്. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാതെ വിശ്വാസികള്‍ക്കൊപ്പം നിന്ന കോണ്‍ഗ്രസിന്‍റെ നിലപാടാണ് ശരിയെന്നും എ.കെ ആന്‍റണി കൂട്ടിച്ചേര്‍ത്തു.