കോൺഗ്രസിനെ ഒറ്റിക്കൊടുത്ത സോളമൻ അലക്‌സിന് കനത്ത തിരിച്ചടി; നിലവിലെ ഭരണസമിതിക്ക് തുടരാമെന്ന് ഹൈക്കോടതി

 

തിരുവനന്തപുരം : സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കിന്‍റെ ഭരണം വീണ്ടും കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിക്ക്. ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് വീണ്ടും കോൺഗ്രസിന് അധികാരം ലഭിച്ചത്. അതേസമയം ഭരണസമിതിയിൽ നിന്ന് രാജി വെച്ചിട്ടും സ്ഥാനമൊഴിയാൻ മുൻ പ്രസിഡന്‍റ് സോളമൻ അലക്സ് തയാറാകുന്നില്ലെന്ന് ഭരണസമിതി അംഗങ്ങൾ ആരോപിക്കുന്നു.

കാര്‍ഷിക ഗ്രാമവികസന ബാങ്കിന്‍റെ പ്രസിഡന്‍റായിരുന്ന സോളമൻ അലക്സ് സ്ഥാനം രാജിവെച്ച് സിപിഎമ്മിൽ ചേർന്നതോടെയാണ് ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലേക്ക് പോയത്. സോളമൻ അലക്സിനെ മുൻനിർത്തി ബാങ്ക് ഭരണം പിടിക്കാമെന്നായിരുന്നു സിപിഎമ്മിന്‍റെ കണക്കുകൂട്ടൽ. എന്നാൽ ഹൈക്കോടതി ഇടപെടലോടെ ആ ശ്രമം പാളി. നിലവിലെ ഭരണസമിതിക്ക് തുടരാമെന്ന് കോടതി നിർദേശിച്ചു. കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് അധികാരം തിരിച്ചുകിട്ടിയിട്ടും പ്രസിഡന്‍റ് സ്ഥാനം ഒഴിയില്ലെന്ന നിലപാടിലാണ് മുൻ പ്രസിഡന്‍റായ സോളമൻ അലക്സ്. സിപിഎമ്മിൽ ചേർന്ന മുൻ പ്രസിഡന്‍റിന് കോൺഗ്രസിന്‍റെ നേതൃത്വത്തിലുളള ഭരണസമിതിയിൽ തുടരാനാകില്ലെന്ന് ഭരണസമിതി അംഗങ്ങൾ വ്യക്തമാക്കി.

കഴിഞ്ഞ മാസം 30 ന് ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ ബാങ്കിന്‍റെ ബഡ്ജറ്റും വരവ് ചെലവ് കണക്കും പാസാക്കാനാകാത്ത സാഹചര്യം ഉണ്ടായതിനെ തുടർന്നാണ് ബാങ്കിന്‍റെ പ്രസിഡന്‍റ് സ്ഥാനം സോളമൻ രാജി വെച്ചത്. സിപിഎമ്മുമായി മുൻകൂട്ടി ധാരണ ഉണ്ടാക്കിയ സോളമൻ അലക്സ് വാർഷിക ജനറൽ ബോഡി യോഗത്തിൽ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിക്കുകയായിരുന്നു. രാജി വെച്ചിട്ടും പുതിയ പ്രസിഡന്‍റിനെ അധികാരമേൽക്കാൻ അനുവദിക്കാത്ത സോളമൻ അലക്സിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ് ഭരണ സമിതി അംഗങ്ങൾ അറിയിച്ചു.

Comments (0)
Add Comment