കരുവന്നൂർ ബാങ്ക് തട്ടിപ്പിനെതിരായ സമരം; കാണാതായ മുന്‍ സിപിഎം പ്രവര്‍ത്തകന്‍ തിരിച്ചെത്തി; മടങ്ങിവരവ് പൊലീസില്‍ പരാതിപ്പെട്ടതിന് പിന്നാലെ

തൃശൂര്‍ : കരുവന്നൂരിൽ കാണാതായ മുൻ സിപിഎം പ്രവർത്തകൻ സുജേഷ് കണ്ണാട്ട് തിരിച്ചെത്തി. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സുജേഷ് വീട്ടിൽ എത്തിയത്. പൊലീസില്‍ പരാതിപ്പെട്ടതിന് പിന്നാലെയാണ് കാണാതായ ആളുടെ മടങ്ങിവരവ്. യാത്ര പോയതാണെന്നാണ് സുജേഷ് നൽകുന്ന വിശദീകരണം. കാണാതായെന്ന ബന്ധുക്കളുടെ പരാതിയില്‍ ഇരിങ്ങാലക്കുട പോലീസ് കേസടുത്തതിനാൽ കോടതിയിൽ ഹാജരാക്കും.

ശനിയാഴ്ച ഉച്ചയോടെയാണ് സുജേഷിനെ കാണാതായത്. തുടർന്ന് ഇന്നലെ സുജേഷിന്‍റെ സഹോദരൻ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സുജേഷിന്‍റെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. കരുവന്നൂർ ബാങ്കിലെ ക്രമക്കേടുകൾ പുറത്തുകൊണ്ടുവരാൻ സുജേഷ് ഏറെക്കാലമായി നിയമ പോരാട്ടം നടത്ത‍ുകയായിരുന്നു. ബാങ്കിനു മുന്നിലെ റോഡിൽ സുജേഷ് നടത്തിയ ഒറ്റയാൾ സമരത്തോടെയാണ് ബാങ്ക് വിവാദം ശ്രദ്ധ നേടിയത്. ഇതിനു പിന്നാലെ സുജേഷിനു പലവട്ടം വധഭീഷണി വന്നിരുന്നു.

പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ച് രണ്ടുമാസം മുമ്പ് സിപിഎം ഇയാളെ പുറത്താക്കിയിരുന്നു. മാടായിക്കോണം ബ്രാഞ്ച് അംഗമായിരുന്നു സുജേഷ്. കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട രേഖള്‍ ഇയാളുടെ കൈയില്‍ ഉണ്ട്.  ബാങ്ക് അഴിമതിക്കെതിരെ താൻ ഒറ്റയാൾ സമരം നടത്തിയതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചതെന്നും ബാങ്ക് തട്ടിപ്പ് സിപിഎം നേരത്തെ അറിഞ്ഞില്ലെന്ന് പറയുന്നത് നുണയാണെന്നും സുജേഷ് കണ്ണാട്ട്  മുമ്പ് പറഞ്ഞിരുന്നു.

Comments (0)
Add Comment