തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ യൂണിയൻ റൂമിൽ വെച്ച് മർദ്ദിച്ച എസ്എഫ്ഐ പ്രവർത്തകരെ പിടികൂടാതെ പോലീസ്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും കോളേജും പ്രതികള്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല. പ്രതികളെല്ലാം ഒളിവിലാണെന്നാണ് കന്‍റെൺമെന്‍റ് പോലീസിന്‍റെ വിശദീകരണം.
അതേസമയം കോളേജിലേക്ക് വെള്ളിയാഴ്ച കെഎസ്‍യു നടത്തിയ മാർച്ചിൽ പോലീസ് ക്രൂരമായ രീതിയില്‍ പ്രവര്‍ത്തകരെ തല്ലിചതച്ചു. പെണ്‍കുട്ടികള്‍ക്ക് നേരെയും ജലപീരങ്കി പ്രയോഗിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകരെ രക്ഷിക്കാന്‍ ശ്രമിക്കുകയും അവരുടെ പ്രവര്‍ത്തികളെ മറച്ചുവെയ്ക്കുന്ന നിലപാടുമാണ് പോലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയായ അനസിനെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികള്‍ ഉള്‍പ്പെടെ യൂണിയൻ റൂമിൽ വെച്ച് മർദിച്ചത്. അനസിന്‍റെ പരാതിയിൽ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ പ്രകാരം അടുത്ത ദിവസം പോലീസ് കേസെടുത്തു. പക്ഷേ കേസിലെ നാലു പ്രതികളെയും ഇതേവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി പ്രതികളുടെ വീടുകളിൽ പോലീസ് പരിശോധന നടത്തിയിരുന്നു. പ്രതികളെല്ലാം ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ അവിടെയും വ്യക്തമാകുന്നത് പോലീസിന്‍റെ രക്ഷാപ്രവര്‍ത്തനമാണ്.
കേസെടുത്ത വിവരം ഉടൻ പ്രതികൾ അറിഞ്ഞതാണ് രക്ഷപ്പെടാൻ ഇടയാക്കിയത്. കേസെടുത്തത് പരാതിക്കാരൻ പുറത്തു പറഞ്ഞതോടെയാണ് മൊബൈൽ ഫോൺ ഓഫ് ചെയ്ത് പ്രതികള്‍ രക്ഷപ്പെടാൻ ഇടയായതെന്നാണ് പോലീസിന്‍റ വാദം. യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി വിധു ഉദയ, പ്രസിഡന്‍റ് അമൽചന്ദ്, കമ്മിറ്റി അംഗങ്ങളായ മിഥുൻ, അലൻ എന്നിവർ ചേർന്നാണ് മർദ്ദിച്ചത്.
ഇടിമുറിയിലെ മർദ്ദനത്തിൽ സമഗ്ര അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. സിറ്റി പോലീസ് കമ്മീഷണറും, കോളജ് വിദ്യാഭ്യാസ ഡയറക്ടറും ഒരുമാസത്തിനകം റിപ്പോർട്ട് നൽകണം. അടുത്ത മാസം 14ന് കേസ് പരിഗണിക്കുമ്പോള്‍ നേരിട്ടെത്തി വിശദീകരണം നൽകണമെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.