ശബരിമല, പൗരത്വ നിയമ ഭേദഗതി പ്രതിഷേധ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനം

Jaihind News Bureau
Wednesday, February 24, 2021

 

തിരുവനന്തപുരം : ശബരിമല, പൗരത്വ നിയമ ഭേദഗതി എന്നിവയിലെ  പ്രതിഷേധ കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനം. സർക്കാർ സർവീസിൽ ഒഴിവുള്ള തസ്തികകളിലെല്ലാം എത്രയും വേ​ഗം നിയമനം നടത്താനും  ഇന്നുചേർന്ന മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു.

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സർക്കാർ നിലപാടുകൾ മാറ്റിത്തുടങ്ങി. ശബരിമല, പൗരത്വ നിയമ ഭേദഗതി പ്രതിഷേധ കേസുകൾ പിൻവലിക്കാൻ ഇന്നുചേർന്ന   സംസ്ഥാന മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കും.

ശബരിമലയുമായി ബന്ധപ്പെട്ട്  വിവിധ ജില്ലകളിലായി 2,300 ലേറെ കേസുകളുണ്ട്. ഇതിൽ കണ്ണൂർ ജില്ലയിലാണ് ഏറ്റവും അധികം കേസുകളുള്ളത്. അതേസമയം വിവിധ  പുതിയ തസ്തികകൾ സൃഷ്ട്ടിക്കാൻ സർക്കാർ തീരുമാനിച്ചു. പുതിയ 400 തസ്തികകൾ സൃഷ്ടിക്കും.

സമരം നടത്തിയ 84 കായികതാരങ്ങൾക്ക് നിയമനം നൽകാനും സർക്കാർ തീരുമാനിച്ചു. പ്രതിഷേധിച്ച ദേശീയ​ ഗെയിംസ് ജേതാക്കൾ അടക്കമുള്ളവർക്ക് നിയമനം നൽകും. പുതിയ തസ്തികകളിൽ 113 എണ്ണം പൊലീസിലായിരിക്കും.  കെപിആർ എന്ന പേരിൽ പുതിയ ബറ്റാലിയൻ രൂപീകരിക്കാനും സർക്കാർ തീരുമാനിച്ചു.