നെടുങ്കണ്ടത്ത് കോണ്‍ഗ്രസ് പ്രവർത്തകന് കുത്തേറ്റു; രാഷ്ട്രീയ കൊലപാതകശ്രമമെന്ന് നേതാക്കള്‍; സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യം

 

ഇടുക്കി: നെടുങ്കണ്ടത്ത് കോൺഗ്രസ് പ്രവർത്തകന് കുത്തേറ്റു. സംഭവത്തിൽ കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗം ജിൻസൺ പവ്വത്ത് അറസ്റ്റിൽ. ആസൂത്രിതമായ രാഷ്ട്രീയ കൊലപാതകശ്രമമെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും കോൺഗ്രസ്‌ നേതൃത്വം ആവശ്യപ്പെട്ടു.

ഇന്നലെ രാത്രി 12 മണിയോടുകൂടിയാണ് സംഭവം നടന്നത്. നെടുങ്കണ്ടത്തിന് സമീപം മരണവീട്ടിൽ എത്തിയ ഫ്രിജിനും, കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ജിൻസൺ പവ്വത്തും തമ്മിൽ തമ്മിൽ നാളെ നടക്കുന്ന നെടുങ്കണ്ടം കാർഷിക ഗ്രാമ വികസന ബാങ്ക് തിരഞ്ഞെടുപ്പിനെച്ചൊല്ലി തർക്കം ഉണ്ടാവുകയും ഇത് അടിപിടിയിൽ കലാശിക്കുകയുമായിരുന്നു. ഇതിനിടയിൽ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഫ്രിജിന്‍റെ വയറ്റിൽ ജിൻസൺ കുത്തുകയായിരുന്നു. ഇരുവരെയും പിടിച്ചു മാറ്റുന്നതിനിടയിൽ മറ്റൊരാൾക്കും പരിക്കേറ്റു.

സംഭവത്തിന് ശേഷം കടന്ന ജിന്‍സനെ പിന്നീട് നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. അതേസമയം സംഭവം ആസൂത്രിത കൊലപാതകശ്രമമാണെന്നും ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് പിന്നിലെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. കുത്തേറ്റ ഫ്രിജിൻ നെടുങ്കണ്ടം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Comments (0)
Add Comment