ഒന്നാം പിണറായി സർക്കാരിന്‍റെ തുടക്കത്തിൽ കൊട്ടും കുരവയും ആഘോഷവുമായി കേരളബാങ്ക് കെട്ടി എഴുന്നള്ളിപ്പിച്ചു കൊണ്ടുവന്നപ്പോൾ ഈ കോളത്തിൽ ഞാനെഴുതി, ഇതൊരു ചാപിള്ളയായിരിക്കുമെന്ന്. അതിപ്പോൾ അറംപറ്റി. കേരളത്തിന്‍റെ ഗ്രാമീണ മേഖലയുടെ നട്ടെല്ലായി പൊന്മുട്ടയിട്ടു പോന്ന ഒരു താറാവിനെയാണ് ഇടതു സർക്കാർ നിർദയം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുന്നത്.
കേരളത്തിലെ 14 ജില്ലാ സഹകരണ ബാങ്കുകളെയും കേരള സംസ്ഥാന സഹകരണ ബാങ്കിനെയും ലയിപ്പിച്ചാണ് 2019-ൽ കേരളാ ബാങ്കിനു ജന്മം നൽകിയത്. 1915-ൽ അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ രാമവർമ സ്ഥാപിച്ച ട്രിവാൻഡ്രം സെൻട്രൽ കോ ഓപ്പറേറ്റിവ് ബാങ്കാണ് കേരളത്തിൽ ഇന്നു കാണുന്ന സഹകരണ ബാങ്കിംഗ് മേഖലയുടെ മൂലരൂപം. ഒരു നൂറ്റാണ്ടിലേറെ വിജയഗാഥ ഉയർത്തിയ ഈ പ്രസ്ഥാനം കാലക്രമത്തിൽ 14 ജില്ലാ സഹകരണ ബാങ്കുകളായി രൂപാന്തരപ്പെട്ടു. അവയുടെ താഴെ ഓരോ പഞ്ചായത്തിലും പ്രാഥമിക സഹകരണ സംഘങ്ങളും എല്ലാത്തിനും മുകളിലായി സംസ്ഥാന സഹകരണ ബാങ്കും നിലവിൽ വന്നു. ഒന്നാം പിണറായി സർക്കാർ അതെല്ലാം ഇല്ലാതാക്കിയാണ് കേരള ബാങ്ക് എന്ന ഒരൊറ്റ ബാങ്ക് ആക്കിയത്.
കേൾക്കാൻ സുഖമുള്ള ആശയമായിരുന്നു അത്. എന്നാൽ പ്രായോഗിക തലത്തിൽ സഹകരണ ബാങ്കിംഗ് മേഖലയുടെ തകർച്ചയായിരിക്കുമെന്ന് ജീവനക്കാരും സഹകാരികളും അന്നേ പറഞ്ഞു. പത്തുവർഷം കേരള സംസ്ഥാന സഹകരണ ബാങ്കിന്‍റെ വൈസ് പ്രസിഡന്‍റായി പ്രവർത്തിച്ചതിന്‍റെ സമ്പന്നമായ അനുഭവത്തിലാണ് ഈ നീക്കത്തെ ഞാൻ തുടക്കംമുതൽ എതിർത്തത്. അതുകൊണ്ടാണ് ചാപിള്ളയെന്ന് അന്നേ വിശേഷിപ്പിച്ചതും. പക്ഷേ, ഈ എതിർപ്പുകളൊന്നും വകവെക്കപ്പെട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാശിയാണ് ജയിച്ചത്.
സംസ്ഥാന സഹകരണ ബാങ്കുകളുടെ ശാഖകളെയും ജില്ലാ സഹകരണ ബാങ്കുകളുടെ ശാഖകളെയും ചുവപ്പ് പെയിന്‍റടിച്ച് കേരളാ ബാങ്കെന്ന് പ്രഖ്യാപിച്ചു. നബാർഡിന്‍റെയും റിസർവ് ബാങ്കിന്‍റെയും കർശന നിയന്ത്രമുള്ള ഈ ബാങ്കിംഗ് പ്രസ്ഥാനത്തിന് അന്നും ഇന്നും അന്തിമാനുമതി കിട്ടിയിട്ടില്ല. തന്നെയുമല്ല, ഇപ്പോൾ ഒരു ഗ്രേഡ് തരം താഴ്ത്തി റിസർവ് ബാങ്ക്, കേരള ബാങ്കിന്‍റെ വായ്പാ പരിധി 25 ലക്ഷം രൂപയെന്ന നിസാര ഇടപാടിലേക്കു മാറ്റി. സാധാരണ ഇടപാടുകാരെപ്പോലും കേരള ബാങ്കിൽ നിന്ന് പടിയിറക്കുന്ന നടപടിയാണിതെന്ന കാര്യത്തിലുമില്ല സംശയം.
ലോകത്തെ തന്നെ മികച്ച സഹകരണ നെറ്റ് വർക്കായിരുന്നു കേരളത്തിലുണ്ടായിരുന്നത്. ഓരോ പഞ്ചായത്തിലും ചുരുങ്ങിയത് ഒരു സർവീസ് സഹകരണ സംഘം, അതിനു മുകളിൽ ജില്ലാ സഹകരണ ബാങ്ക്, അതിനും മുകളിൽ സംസ്ഥാന സഹകരണ ബാങ്ക് എന്ന നിലയിൽ മികച്ച ത്രീ ടയർ സാമ്പത്തിക സംവിധാനമായിരുന്നു നേരത്തേ ഉണ്ടായിരുന്നത്. കഴിഞ്ഞ നൂറ് വർഷമായി ഈ ജനാധിപത്യ സംവിധാനം ഓരോ ജില്ലയിലും സാധാരണക്കാരുടെ സാമ്പത്തിക രംഗത്ത് വൻ നേട്ടങ്ങളുണ്ടാക്കി. കർഷർകർക്കും, ചെറുകിട കച്ചവടക്കാർക്കും ഇടത്തരം വരുമാനക്കാർക്കും ആപൽബന്ധുവിനെപ്പോലെ ഒപ്പം നിന്നിരുന്നു പ്രാഥമിക സംഘങ്ങളും ജില്ലാ സഹകരണ ബാങ്കുകളും.
ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുമ്പോൾ പതിനാല് ജില്ലാ സഹകരണ ബാങ്കുകളുടെ ഭരണസമിതികളിൽ 13ഉം യുഡിഎഫ് നിയന്ത്രണത്തിലായിരുന്നു. അതിൽ 12 ജില്ലാ സഹകരണ ബാങ്കുകളുടെ പ്രസിഡന്റുമാർ കോൺഗ്രസ് സഹകാരികളായിരുന്നു. മല്ലപ്പുറത്ത് മുസ്ലിംലീഗ് നേതാവായിരുന്നു പ്രസിഡന്റ്. പാലക്കാട് മാത്രമായിരുന്നു സിപിഎമ്മിന്‍റെ നിയന്ത്രണത്തിലുള്ള ഭരണസമിതി.
കാലാവധി പൂർത്തീകരിക്കാൻ രണ്ട് വർഷം ശേഷിക്കെയാണ് ഈ ഭരണസമിതികളുടെ കടയ്ക്കൽ സർക്കാർ കത്തിവച്ചത്. സഹകരണ നിയമപ്രകാരം ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്താനുള്ള രജിസ്ട്രാർ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പരിമിതമായ അവകാശമാണ് ഈ കൂട്ടക്കൊലയ്ക്ക് നിയമപ്രാബല്യം നൽകിയത്. ആറുമാസത്തിൽ കൂടുതൽ അഡ്മിനിസ്ട്രേറ്റർ ഭരണം പാടില്ലെന്നതാണ് നിയമം. എന്നാൽ ഈ നിയമമൊന്നും സർക്കാർ പാലിച്ചില്ല. രണ്ടരവർഷം ഒരു നിയമത്തിന്റെയും പിൻബലമില്ലാതെ ജില്ലാ ബാങ്കുകളെ സിപിഎം അഡ്മിനിസ്ട്രേറ്ററുടെ വേഷം കെട്ടി ഭരിച്ചു. അന്നു മുതലാണ് അവയുടെ താളം തെറ്റിയത്. സിപിഎം നേതാക്കളുടെ അഴിമതിക്കും സർക്കാരിന്‍റെ ധൂർത്തിനും പാവപ്പെട്ട സഹകാരികളുടെ ചില്ലിക്കാശ് ദുർവ്യയം ചെയ്തു.
ഓരോ ജില്ലയിലും പ്രൈമറി ബാങ്കുകളിലെ പ്രവർത്തനവും ഫണ്ട് വിനിയോഗവും നിയന്ത്രിച്ചിരുന്ന ജില്ലാ ബാങ്കുകൾ ഇല്ലാതായതോടെ കരിവന്നൂർ മാതൃകയിൽ കേരളത്തിലെ നൂറ്കണക്കിന് പ്രൈമറി ബാങ്കുകളിൽ അഴിമതി കൊടികുത്തി. ജില്ലാ ബാങ്കുകൾ വഴി കിട്ടിക്കൊണ്ടിരുന്ന വായ്പ സൗകര്യങ്ങളും അതിന്‍റെ ആനുകൂല്യങ്ങളും കേരളബാങ്കിൽ ലയിച്ചതോടെ ഇടപാടുകാർക്കു കിട്ടാതായി. സഹകാരികളും ജീവനക്കാരും വായ്പാ സ്ഥാപനങ്ങളുടെ അനാഥാവസ്ഥയ്ക്കെതിരെ നിരന്തരം സമരം നടത്തി. കേരള ബാങ്ക് പ്രവർത്തിക്കാൻ റിസർവ് ബാങ്ക് താൽക്കാലിക അനുമതിമാത്രമാണ് നൽകിയത്. റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിബന്ധനകളിൽ പലതും ഇപ്പോഴും പൂർത്തീകരിക്കാൻ കേരളബാങ്കിന് കഴിഞ്ഞിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് റിസർവ് ബാങ്ക് കഴിഞ്ഞദിവസം നബാർഡിന്റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേരളബാങ്കിനെ തരം താഴ്ത്തിയതും വായ്പാ വിതരണത്തിന് തടസമുണ്ടാക്കിയതും.
കേരള ബാങ്കിന്‍റെ നബാർഡ് റേറ്റിംഗ് സി ഗ്രേഡിലേയ്ക്ക് തരം താഴ്ത്തപ്പെട്ടുവെന്ന വാർത്ത ആശങ്കയുളവാക്കുന്നതാണ്. വാർത്ത മാധ്യമ സൃഷ്ടിയെന്ന് പറഞ്ഞ് ബാങ്ക് അധികൃതർ വാർത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ടെങ്കിലും അത് പാഴ്മുറം കൊണ്ട് സൂര്യനെ മറയ്ക്കാനുള്ള വ്യഥാ വേലയാണെന്ന് എല്ലാവർക്കുമറിയാം. ബാങ്കിന്‍റെ ക്രെഡിറ്റ് ഡിപ്പാർട്ട്‌മെന്‍റ് ജനറൽ മാനേജർ 2024 ജൂൺ മൂന്നിന് പുറപ്പെടുവിച്ച സർക്കുലറിലൂടെയാണ് ബാങ്കിന്റെ ക്ലാസിഫിക്കേഷൻ ബി യിൽ നിന്ന് സി കാറ്റഗറിയിലേയ്ക്ക് മാറിയ കാര്യം സഹകാരികൾ അറിയുന്നത്. ഇതു മൂലം വ്യക്തികൾക്ക് അനുവദിക്കുന്ന വായ്പകളുടെ പരമാവധി പരിധി 25 ലക്ഷമായി പരിമിതിപ്പെടുത്തി. തന്നെയുമല്ല, 25 ലക്ഷത്തിൽ കൂടുതൽ തുക വായ്പ എടുത്തവരോട് അധികത്തുക ഘട്ടംഘട്ടമായി തിരികെ വാങ്ങണമെന്നും ബാങ്കിന്‍റെ തന്നെ സർക്കുലറിൽ പറയുന്നു. ഇതെങ്ങനെ മാധ്യമ സൃഷ്ടിയാകും?
നമ്മുടെ സംസ്ഥാനത്തെ ഓരോ പഞ്ചായത്ത് തോറും പ്രവർത്തന പരിധിയായിട്ടുള്ള സർവീസ് സഹകരണ ബാങ്കുകൾ പോലും 50 ലക്ഷവും അതിന് മുകളിലും വ്യക്തിഗത വായ്പയായി വിതരണം ചെയ്യുന്നുണ്ട്. എന്നാൽ ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ ബാങ്കെന്ന് അധികൃതർ പറഞ്ഞു നടക്കുന്ന കേരളാ ബാങ്കിന്, 25 ലക്ഷം രൂപയാണു വായ്പാ പരിധി. കേരള ബാങ്കിനെ ഈ നിലയിലെത്തിച്ചത് സംസ്ഥാന സർക്കാരാണ്.
പ്രാഥമിക സഹകരണ ബാങ്കുകൾക്ക് അത്താണിയായി പ്രവർത്തിച്ച ജില്ലാ ബാങ്കുകളെ പിരിച്ചു വിട്ട് കേരളാ ബാങ്ക് രൂപീകരിച്ചത് എൽഡിഎഫ് സർക്കാരാണ്. ഇതു കൊണ്ട് സഹകരണ മേഖലയ്ക്ക് ഒരു നേട്ടവുമുണ്ടായില്ല. എന്നാൽ കോട്ടങ്ങൾ ഏറെയുണ്ട് താനും. സഹകരണ ബാങ്കിംഗ് മേഖലയുടെ വിശ്വാസ്യത തകർത്ത കരുവന്നൂർ, കണ്ടല ഉൾപ്പെടെയുള്ള സഹകരണ ബാങ്ക് തട്ടിപ്പുകൾ ജില്ലാ ബാങ്കുകൾ ഉണ്ടായിരുന്നെങ്കിൽ സംഭവിക്കുമായിരുന്നില്ല. ജില്ലാ ബാങ്കുകൾ നിലവിലുണ്ടായിരുന്ന കാലത്ത് ഇത്തരം പ്രതിസന്ധികൾ സാധാരണക്കാരായ ഇടപാടുകാരെയും ബാധിക്കാത്ത രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്.
എസ്ബിടിക്ക് ബദലായി കേരളത്തിന്‍റെ സ്വന്തം ബാങ്കായി കേരള ബാങ്ക് മാറുമെന്നും, പുത്തൻ തലമുറ വാണിജ്യ ബാങ്കുകളുടെ ചൂഷണത്തിൽ നിന്ന് ജനങ്ങളെ രക്ഷിച്ച് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇടപാടുകാർക്ക് വൈവിധ്യമാർന്ന ബാങ്കിംഗ് സൗകര്യങ്ങൾ ലഭ്യമാക്കുമെന്നും, ഉദ്‌ഘോഷിച്ച് നിലവിൽ വന്ന കേരളാ ബാങ്കിന് പഴയ ജില്ലാ ബാങ്കുകളുടെ ബാങ്കിംഗ് സൗകര്യങ്ങൾ പോലും നൽകാനായില്ലെന്നതാണ് യഥാർത്ഥ്യം. കേരള ബാങ്കിൽ നിന്ന് വിതരണം ചെയ്യുന്ന വായ്പകൾക്കെല്ലാം വാണിജ്യ ബാങ്കുകളെക്കാൾ പലിശ നിരക്കും ഈടാക്കുകയാണിപ്പോൾ.
2019 ൽ കേരളാ ബാങ്ക് നിലവിൽ വരുമ്പോൾ അന്നത്തെ ജില്ലാ ബാങ്കുകളിൽ പകുതിയോളമെങ്കിലും എൻആർഐ അക്കൗണ്ട് സൗകര്യമുള്ള ബാങ്കുകളായിരുന്നു. ഫാസ്റ്റ് ടാഗ്, ഇ-കെവൈസി തുടങ്ങിയ സൗകര്യങ്ങളുമുണ്ടായിരുന്നു. എന്നാൽ ഇതൊന്നും ഇപ്പോൾ കേരളാ ബാങ്കിലില്ല. മാത്രവുമല്ല സംസ്ഥാനമാകമാനമുണ്ടായിരുന്ന ജില്ലാ ബാങ്കുകളുടെ എടിഎം നെറ്റ് വർക്കും ഇല്ലാതായി. തൃശൂർ, കോഴിക്കോട് ജില്ലാ ബാങ്കുകൾക്ക് മാത്രം നൂറിൽ പരം എടിഎമ്മുകളുണ്ടായിരുന്നു. കേരളാ ബാങ്കായപ്പോൾ പ്രവർത്തിക്കുന്നത് നാലോ അഞ്ചോ എടിഎമ്മുകൾ മാത്രം!
കേരളാ ബാങ്ക് രൂപീകരണത്തിന് മുൻകൈ എടുത്ത മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും ഇപ്പോൾ ബാങ്കിനെ കൈയൊഴിഞ്ഞ മട്ടാണ് . സംസ്ഥാനത്തെ ട്രഷറി ഇടപാടുകൾ വരെ കേരളാ ബാങ്കിലൂടെ നടത്തുമെന്ന് പറഞ്ഞ അധികാരികൾ സർക്കാർ ഡിപ്പാർട്ട്‌മെന്റുകളുടെയോ സംസ്ഥാന പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നിന്റെ പോലുമോ അക്കൗണ്ടുകൾ കേരളാ ബാങ്കിന് നൽകിയിട്ടില്ല. തന്നെയുമല്ല, സർക്കാരിന്റെ ധൂർത്തിനും കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷനും മറ്റുമായി സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപം വകമാറ്റി അപഹരിക്കുകയും ചെയ്യുന്നു. സർക്കാർ ഗ്യാരന്റി നൽകി എടുക്കുന്ന വായ്പകൾ പോലും കൃത്യമായി തിരിച്ചടയ്ക്കുന്നില്ല. ഇതിന്റെയെല്ലാം പരിണിതഫലമാണ് കേരള ബാങ്കിന്‍റെ തരംതാഴ്ത്തൽ.
നിയമസഭാ സമ്മേളനം നടക്കുന്ന വേളയിലാണ് കേരള ബാങ്കിന്‍റെ തരംതാഴ്ത്തലെന്നതും ശ്രദ്ധേയം. സാധാരണക്കാരുടെ സാമ്പത്തിക നട്ടെല്ല് തകർക്കുന്ന സംഭവമായിട്ടു പോലും നിയമസഭയിൽ ഇതേക്കുറിച്ച് ആരും ഒരക്ഷരം മിണ്ടിയില്ല എന്നതും എന്നെ അത്ഭുതപ്പെടുത്തുന്നു. പിണറായി സർക്കാരിന്‍റെ കെടുകാര്യസ്ഥതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് കേരളത്തിന്‍റെ സഹകരണ പ്രസ്ഥാനങ്ങളുടെ തകർച്ച. അതിൽ നിന്ന് അതി വേഗം കരകയറാനാകുന്നില്ലെങ്കിൽ സഹകരണ പ്രസ്ഥാനത്തിന്റെയല്ല, ഗ്രാമീണ മേഖലയുടെ തന്നെ നട്ടെല്ലൊടിയും.