കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ

 

തിരുവനന്തപുരം: കളിയിക്കാവിളയിൽ കരമന മലയിൻകീഴ് സ്വദേശി ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി തമിഴ്നാട് പോലീസിന്‍റെ പിടിയിലായി. തിരുവനന്തപുരം മലയം സ്വദേശി അമ്പിളിയെന്ന ഷാജിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം നഗരത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ദീപുവുമായി നേരത്തെ പ്രതിയ്ക്ക് ബന്ധമുണ്ടായിരുന്നു. ഇയാള്‍ മറ്റു ചില ക്രിമിനൽ കേസുകളിലും കൊട്ടേഷൻ കേസുകളിലും പ്രതിയാണ്.

പണത്തിന് വേണ്ടി ചിലര്‍ ദീപുവിനെ ഭീഷണിപ്പെടുത്തിയിരുന്നതായി ഭാര്യയും മകനും മൊഴി നൽകിയിട്ടുണ്ട്. പണത്തിന് വേണ്ടിയുള്ള കൊലപാതകമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. തിങ്കളാഴ്ച വൈകുന്നേരം ആറരയോടെയാണ് ദീപു മലയിൻകീഴിലെ വീട്ടിൽ നിന്നും 10 ലക്ഷം രൂപയുമായി  തമിഴ്നാട്ടിലേക്ക് തിരിച്ചത്. രാത്രി 11 മണിയോടെ കളിയിക്കാവിള പോലീസ് സ്റ്റേഷന് 200 മീറ്റർ അകലെ കാറിനുള്ളിൽ കഴുത്തറുത്ത നിലയിലാണ് ദീപുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത് .

Comments (0)
Add Comment