ഉമ്മൻചാണ്ടിയെ പ്രകീർത്തിച്ചു സംസാരിച്ചതിന് പ്രതികാര നടപടി തുടർന്ന് സംസ്ഥാന സർക്കാർ;സതിയമ്മയ്ക്കെതിരെ കേസെടുത്തു; കാട്ടുനീതിയെന്ന് കോണ്‍ഗ്രസ്

പുതുപ്പള്ളി: ഉമ്മൻചാണ്ടിയെ പ്രകീർത്തിച്ചു സംസാരിച്ചതിന് ജോലിയിൽ നിന്നും പുറത്താക്കിയ സതി അമ്മയ്ക്കെതിരെ പ്രതികാര നടപടി തുടർന്ന് സംസ്ഥാന സർക്കാർ. സതി അമ്മയ്ക്കെതിരെ ആൾമാറാട്ടം വ്യാജ രേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ഇട്ട് കേസെടുത്തു. സതി അമ്മയ്ക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് കോൺഗ്രസ്.

പുതുപ്പള്ളി മൃഗാശുപത്രിയിലെ ജോലിക്കാരിയായിരുന്ന സതി അമ്മ. ഉമ്മൻചാണ്ടി തനിക്ക് ചെയ്തു തന്ന നല്ല കാര്യങ്ങളെക്കുറിച്ച് ചാനലിൽ സംസാരിച്ചിരുന്നു. ഇതിൽ പ്രതികാര നടപടിയുമായാണ് സർക്കാരും സിപിഎമ്മും നീങ്ങിയത്. 13 വർഷമായി തുടർന്നുവന്ന ജോലിയിൽ നിന്നും സതി അമ്മയെ പുറത്താക്കി. ജോലിയിൽ നിന്നും പുറത്താക്കിയതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. കോൺഗ്രസ് സതി അമ്മയ്ക്ക് പൂർണ്ണ പിന്തുണയുമായി രംഗത്തുണ്ട്. എന്നാൽ കുടുംബശ്രീയിലെ മുൻ ഭാരവാഹി ലിജിയുടെ പരാതിയിൽ അമ്മയ്ക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. കോട്ടയം ഈസ്റ്റ് പോലീസ് ആണ് കേസെടുത്തിരിക്കുന്നത്.

സതി അമ്മയ്ക്ക് പുറമേ ഐശ്വര്യ കുടുംബശ്രീ സെക്രട്ടറി സുധാ മോൾ പ്രസിഡന്‍റ് ജാനമ്മ വെറ്റിനറി ഫീൽഡ് ഓഫീസർ ബിനു എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സതിഅമ്മയെ ജോലിയിൽ നിന്നും പുറത്താക്കിയതിനു ശേഷം ദിവസങ്ങൾക്കകം ആണ് സിപിഎം നേതാക്കൾക്കൊപ്പം ലിജി വാർത്താ സമ്മേളനം നടത്തി സതി അമ്മയ്ക്കെതിരെ രംഗത്ത് വന്നത്. സതിയമ്മയുടെ വിഷയത്തിൽ ഒറ്റപ്പെട്ടുപോയ സിപിഎം അവരെ കള്ളക്കേസിൽ കുടുക്കുകയാണെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം.

Comments (0)
Add Comment