കൊല്ലം: ഗര്‍ഭിണിയായ കുതിരയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഇരവിപുരം പോലീസ് കേസെടുത്തു. കൊല്ലം പള്ളിമുക്കിലായിരുന്നു സംഭവം. കുതിരയുടെ ഉടമ ഷാനവാസിന്‍റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നു പേരെ തിരിച്ചറിഞ്ഞതായും പോലീസ് അറിയിച്ചു.
ക്രിമിനൽ കേസുകളിൽ അടക്കം ഉൾപ്പെട്ടവരാണ് പ്രതികളെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി. ഗര്‍ഭിണിയായ കുതിരയെ തെങ്ങില്‍ കെട്ടിയിട്ട് ആക്രമിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ നേരത്തെ പുറത്തുവന്നിരുന്നു. കുതിരയുടെ ദേഹമാസകലം മുറിവേറ്റു. ഒരു സംഘം യുവാക്കളാണ് കുതിരയെ കെട്ടിയിട്ട് തല്ലിയത്. അയത്തിൽ തെക്കേകാവ് ക്ഷേത്രത്തിന് സമീപത്തെ പറമ്പിലായിരുന്നു കുതിരയെ കെട്ടിയിട്ടിരുന്നത്. തുടർന്ന് കുതിരയുടെ ഉടമ ഷാനവാസ് ഇരവിപുരം പോലീസില്‍ പരാതി നല്‍കി. കുതിരയുടെ കാലുകളിലും കണ്ണിന് സമീപവും പരുക്കേറ്റിട്ടുണ്ട്. ദേഹമാകെ അടിയേറ്റ് നീരുണ്ട്.