ജനങ്ങള്‍ക്ക് ഒരു പ്രതീക്ഷയും നല്‍കാത്ത ബജറ്റ്; സ്വകാര്യവത്കരണത്തിനുള്ള നയരേഖ മാത്രമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി

Jaihind Webdesk
Tuesday, February 1, 2022

മധ്യവർഗത്തിനും കർഷകർക്കും അസംഘടിത മേഖലയ്ക്കും തൊഴിലും ജീവിതമാർഗവും നഷ്ടപ്പെട്ട് മടങ്ങി വന്ന പ്രവാസികൾക്കും ഉൾപ്പെടെ സമൂഹത്തിലെ ഒരു ജനവിഭാഗത്തിനും യാതൊരു പ്രതീക്ഷയും നൽകാത്ത സ്വകാര്യവൽക്കരണത്തിനുള്ള നയരേഖ മാത്രമായി ചുരുങ്ങിയ ബജറ്റാണ് ഇന്ന് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചതെന്ന്  കൊടിക്കുന്നിൽ സുരേഷ് എംപി. കേന്ദ്ര ബജറ്റിന്‍റെ മാനുഷിക മുഖം ഈ മഹാമാരിക്കാലത്ത് നഷ്ടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗുരുതരമായ സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും വിലക്കയറ്റവും രാജ്യത്തെ സാമ്പത്തിക സ്ഥിഗതി രൂക്ഷമാക്കുമ്പോൾ പോലും ദുരിതത്തിലായ ജനവിഭാഗങ്ങൾക്ക് അതാതു മേഖലയിൽ സർക്കാർ ചെലവുകളും വകയിരുത്തലും വർധിപ്പിച്ച് ജനങ്ങൾക്ക് പ്രത്യക്ഷമായ സഹായം നൽകാതെ വലിയ പ്രഖ്യാപനങ്ങൾ മാത്രം നടത്തിയ ബജറ്റ് ഇന്ത്യൻ യാഥാർത്ഥ്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ് എന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.

കർഷക സമരത്തിൽ ലഭിച്ച തിരിച്ചടിയുടെ ജാള്യം മറച്ചുവെക്കാനും തെരഞ്ഞെടുപ്പ് ആസന്നമായ സംസ്ഥാനങ്ങളിലെ കർഷക ജനവിഭാഗത്തിന് മുന്നിൽ നല്ലപിള്ള ചമയാനുമായുള്ള തൊലിപ്പുറത്തെ തീരുമാനങ്ങൾ ആണ് കാർഷിക മേഖലക്ക് വേണ്ടി കേന്ദ്ര സർക്കാർ കൈക്കൊണ്ടിട്ടുള്ളത്. കർഷകരുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കുന്നതിന് പകരം അവർക്കു ഡ്രോൺ നൽകുമെന്നും അവരെ ഡിജിറ്റൽ യുഗത്തിലേക്ക് നയിക്കുമെന്നും ഉള്ള പ്രഖ്യാപനങ്ങൾ യാഥാർഥ്യവുമായി ബന്ധമില്ലാത്ത വാചകക്കസർത്ത് മാത്രമാണ്.

കേന്ദ്ര സംസ്ഥാന ബന്ധങ്ങളിൽ പ്രത്യേകിച്ച് ജിഎസ്ടി വിഹിതം സംബന്ധിച്ച നിലവിലുള്ള തർക്കങ്ങളും അസ്വസ്ഥതയും പരിഹരിക്കാനായുള്ള ശ്രമങ്ങളൊന്നും ബജറ്റിലില്ല എന്ന് മാത്രമല്ല, ജി എസ് ടി നഷ്ടപരിഹാരം അഞ്ചു വർഷത്തേക്ക് നേടാനായുള്ള സംസ്ഥാനങ്ങളുടെ ആവശ്യം നിരാകരിച്ചത് സംസ്ഥാനങ്ങളുടെ മഹാമാരിക്കാലത്തെ അതിജീവനവും പുരോഗതിയും തടസപ്പെടുത്തുന്ന കേന്ദ്രത്തിന്‍റെ വല്യേട്ടൻ മനോഭാവമാണെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ചൂണ്ടിക്കാട്ടി. വികേന്ദ്രീകൃത പങ്കാളിത്ത ഭരണ രീതികളെ ഒന്നൊന്നായി ദുർബലപ്പെടുത്തി കേന്ദ്രത്തിന്‍റെ പക്കലേക്ക് എല്ലാ അധികാരങ്ങളുടെയും കേന്ദ്രീകരണം നടപ്പാക്കുക എന്ന അജണ്ടയും ബജറ്റിലെ “വൺ നേഷൻ വൺ രജിസ്ട്രേഷൻ”പദ്ധതിയുൾപ്പെടെ വിരൽ ചൂണ്ടുന്നത് ഈ സാഹചര്യത്തിലേക്ക് ആണെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.

കൊവിഡ് കാരണം ജീവിതമാർഗം നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ ലക്ഷകണക്കിനു പ്രവാസികൾ ജീവിക്കാൻ മാർഗമില്ലാതെ കഷ്ടപ്പെടുന്ന സാഹചര്യം കേന്ദ്ര സർക്കാർ കണ്ടില്ലെന്നു നടിക്കുകയും അവർക്ക് യാതൊരു രീതിയിലുള്ള പുനരധിവാസ പദ്ധതികളും നടപ്പാക്കാനോ പ്രഖ്യാപിക്കാനോ ബജറ്റികൾ ധനമന്ത്രിയോ സർക്കാരോ മുതിർന്നില്ലെന്നും കൊടിക്കുന്നിൽ സുരേഷ് എം പി ചൂണ്ടിക്കാട്ടി. ഒപ്പം തന്നെ കേരളത്തെ പരിപൂർണമായി അവഗണിച്ച ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിച്ചതെന്നും സംസ്ഥാനത്തിന്‍റെ ന്യായമായ ആവശ്യങ്ങൾ പോലും നിരാകരിച്ചുകൊണ്ട് ബജറ്റ് കേരളത്തിന്‍റെ എയിംസ് പോലെയുള്ള പ്രധാന ആവശ്യം പോലും ഇത്തവണയും അവഗണിച്ചുവെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. റെയിൽവേയുടെ സ്വകാര്യവൽക്കരണം പൂർത്തിയാക്കുക എന്ന അജണ്ടയും ഈ ബജറ്റിന് പിന്നിലുണ്ടെന്ന വസ്തുതയാണ് വന്ദേ ഭാരത് എന്ന പേരിൽ സ്വകാര്യ മേഖലയ്ക്ക് പരിപൂർണ അനുവാദം നൽകിയതിലൂടെ സർക്കാർ വ്യക്തമാക്കിയതെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.