സാധാരണക്കാരുടെ വയറ്റത്തടിച്ചുകൊണ്ട് കോര്‍പറേറ്റുകളെ വാരിപ്പുണര്‍ന്ന ബജറ്റ് : മുല്ലപ്പള്ളി രാമചന്ദ്രന്‍

സാധാരണക്കാരെയും പാവപ്പെട്ടവരെയും മറന്നുകൊണ്ട് കോര്‍പറേറ്റുകളെ വാരിപ്പുണര്‍ന്ന ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സാധാരണക്കാരുടെ വയറ്റത്തടിച്ചുകൊണ്ടാണ് ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്തിയത്. ബജറ്റില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച പദം തന്നെ സ്വകാര്യവത്കരണത്തെ സൂചിപ്പിക്കുന്ന പി.പി.പി മോഡലാണ്.

രാജ്യത്തിന്‍റെ നെടുംതൂണായി കരുതപ്പെടുന്ന എല്‍.ഐ.സി പോലും സ്വകാര്യവത്കരിക്കപ്പെടുന്നു. ബാങ്കുകള്‍, മെഡിക്കല്‍ കോളേജുകള്‍, റെയില്‍വെ, വിദ്യാഭ്യാസം തുടങ്ങി സ്വകാര്യവത്കരിക്കാത്ത മേഖലകളില്ല. മുതലാളിത്ത രാജ്യങ്ങളെ കവച്ചുവെക്കുന്ന രീതിയിലുള്ള സ്വകാര്യവത്കരണ നടപടികളാണ് കേന്ദ്രം പ്രഖ്യാപിച്ചതെന്ന് മുല്ലപ്പള്ളി പറഞ്ഞു.
കേന്ദ്ര ബജറ്റില്‍ കൊട്ടിഘോഷിക്കുന്ന ആദായനികുതി ഇളവില്‍പ്പോലും കടുത്ത വ്യവസ്ഥകളുണ്ട്. കടുത്ത സാമ്പത്തിക മാന്ദ്യം, അതിരൂക്ഷമായ തൊഴിലില്ലായ്മ, കാര്‍ഷിക-വ്യാവസായിക-സേവന മേഖലകളുടെ തകര്‍ച്ച തുടങ്ങിയ രോഗഗ്രസ്തമായ ഒരു സമ്പദ്ഘടനയുടെ ചിത്രമാണ് സാമ്പത്തിക സര്‍വെയില്‍ കണ്ടത്. എന്നാല്‍ അതിനൊന്നും പരിഹാരം നിര്‍ദ്ദേശിക്കാത്ത ബജറ്റാണ് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്.

ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ലക്ഷക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചതും ദാരിദ്ര്യ നിര്‍മാജന പരിപാടികളില്‍ സുപ്രധാനവുമായ ദേശീയ തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് ബജറ്റില്‍ പരാമര്‍ശിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. ബജറ്റ് അവതരിപ്പിച്ച ഉടനെ ഓഹരി വിപണി കൂപ്പുകുത്തിയതില്‍ നിന്നുതന്നെ ബജറ്റിന്‍റെ ഫലപ്രാപ്തിയെ കുറിച്ച് ആശങ്ക ഉയര്‍ത്തുന്നു. സാമ്പത്തിക സര്‍വെയില്‍ വരച്ചുകാട്ടിയ ദയനീയമായ സാമ്പത്തിക അവസ്ഥയെ മറികടക്കാനുള്ള ഒരു നടപടിയും കേന്ദ്രബജറ്റില്‍ ഇല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

Union Budget 2020Mullappally Ramachndran
Comments (0)
Add Comment