ഗവർണറെ തളയ്ക്കാന്‍ സർക്കാർ; ചാൻസിലറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബിൽ ബുധനാഴ്ച നിയമസഭയിൽ

Jaihind Webdesk
Monday, August 22, 2022

തിരുവനന്തപുരം: സർവകലാശാലകളിൽ ചാൻസിലറുടെ അധികാരം പരിമിതപ്പെടുത്തുന്ന ബില്ല് ബുധനാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. വിവിധ വിഷയങ്ങളില്‍ ഇടഞ്ഞുനില്‍ക്കുന്ന ഗവർണർ ബന്ധുനിയമനം  അന്വേഷിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോകുന്നതിനിടെയാണ് ബില്ല് പാസാക്കാനുള്ള സർക്കാർ നീക്കം.

വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം നേരത്തെ ലഭിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷനാണ് ഇതുസംബന്ധിച്ച ശുപാര്‍ശ സമര്‍പ്പിച്ചത്. സര്‍വകലാശാലകളുടെ അധികാരങ്ങള്‍ ഗവര്‍ണറില്‍ കേന്ദ്രീകരിക്കുന്നത് ഒഴിവാക്കണം. മുഖ്യമന്ത്രിയെ സര്‍വകലാശാലകളുടെ വിസിറ്ററായി നിയമിക്കണമെന്നും, ഓരോ സര്‍വകലാശാലകള്‍ക്കും വെവ്വേറെ ചാന്‍സലറെ നിയമിക്കണമെന്നും ശുപാര്‍ശയില്‍ പറഞ്ഞിരുന്നു. നേരത്തെ എന്‍.കെ ജയകുമാര്‍ അധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മീഷനും വിസി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കുറയ്ക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു.

അതേസമയം സർവകലാശാലകളിലെ കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ബന്ധുനിയമങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്  ഗവർണര്‍ക്ക് കത്ത് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. നിലവില്‍ ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ സംസ്ഥാനത്ത് മടങ്ങിയെത്തിയാലുടന്‍ സർവകലാശാലയിലെ ബന്ധുനിയമനങ്ങള്‍ അന്വേഷിക്കാനുള്ള സമിതി രൂപീകരിച്ചേക്കുമെന്നാണ് സൂചന. അതിനിടെയാണ് ചാന്‍സിലറുടെ അധികാരങ്ങള്‍ കവർന്നെടുക്കാനുള്ള ബില്ലുമായി സര്‍ക്കാരിന്‍റെ നീക്കം.

എന്നാല്‍ ബില്‍ സഭയില്‍ പാസാക്കിയാലും അത് ഗവർണർ ഒപ്പിട്ടാല്‍ മാത്രമേ നിയമമാകൂ എന്ന കടമ്പ സർക്കാരിന് മുന്നിലുണ്ട്. നിയമസഭ പാസാക്കുന്ന ബില്ലില്‍ ഒപ്പ് വെക്കാന്‍ ഭരണഘടനാപരമായി ഗവർണർക്ക് ബാധ്യതയുണ്ടെങ്കിലും ഒപ്പിടാതെ എത്രനാള്‍ വേണമെങ്കിലും നീട്ടിക്കൊണ്ടുപോകാനാകും. നിലവിലെ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഗവർണർ എന്ത് നിലപാട് സ്വീകരിക്കുമെന്നതും നിർണായകമാകും.