പെന്‍ഷന്‍ മുടങ്ങിയതിനെതിരെ 90 വയസുകാരിയുടെ പ്രതിഷേധം; മുഖംതിരിച്ച് സർക്കാർ: സഹായഹസ്തവുമായി കോണ്‍ഗ്രസ്

 

ഇടുക്കി: 5 മാസമായി മുടങ്ങിക്കിടക്കുന്ന പെൻഷൻ ആവശ്യപ്പെട്ട് ഇടുക്കി വണ്ടിപ്പെരിയാർ കറുപ്പുപാലത്ത് 90 വയസുകാരിയുടെ വഴി തടയൽ സമരം. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു പ്രതിഷേധം. കറുപ്പുപാലം സ്വദേശി പൊന്നമ്മയാണ് മുടങ്ങിക്കിടക്കുന്ന പെൻഷൻ ആവശ്യപ്പെട്ട് സമരം ചെയ്തത്. തുടർന്ന് ഒരു മാസത്തെ പെൻഷനും അവശ്യവസ്തുക്കളും കോൺഗ്രസ് നേതാക്കളെത്തി കൈമാറി.

അടുപ്പ് പുകയാനുള്ള അവസാന വഴിയും അടഞ്ഞതോടെയാണ് ഈ അമ്മ ഇത്തരം ഒരു പ്രതിഷേധത്തിലേക്ക് കടന്നത്. 5 മാസമായി പെൻഷൻ മുടങ്ങിയിട്ട്. അയൽവാസികളുടെ കാരുണ്യം കൊണ്ടാണ് മരുന്നും ഭക്ഷണവും ഇതുവരെ മുടങ്ങാതിരുന്നത്. കൂലി തൊഴിലാളിയായ മകൻ മായന് ആഴ്ചകളായി പണിയില്ല. സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം നിലച്ചതാണ് പൊന്നമ്മയുടെ ദുരവസ്ഥയ്ക്ക് കാരണം. സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പൊന്നമ്മയെ ഫോണിൽ വിളിച്ചു സംസാരിച്ചു. വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

പിന്നാലെ ഡിസിസി ജനറൽ സെക്രട്ടറി സണ്ണി പൈനാടത്ത്, ഉദയസൂര്യൻ, ടി.എ. സിദ്ദിഖ്, മുഹമ്മദ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്‌ നേതാക്കൾ വായോധികയെ സന്ദർശിക്കുകയും ഒരു മാസത്തെ പെൻഷനും അവശ്യ വസ്തുക്കൾ അടങ്ങിയ കിറ്റും നൽകി. അമ്മയുടെ സമരത്തിന് ഒപ്പമുണ്ടെന്നും പെൻഷൻ നൽകാതെ വയോജനങ്ങളെ കബളിപ്പിക്കുന്ന സർക്കാരിനെതിരെ കടുത്ത സമരം ഉയരുമെന്നും നേതാക്കള്‍ പറഞ്ഞു. മുടങ്ങിക്കിടക്കുന്ന പെൻഷൻ പൂർണ്ണമായി ലഭിച്ചാൽ മാത്രമേ ഈ കുടുംബത്തിന്‍റെ ദുരിതത്തിന് ശാശ്വത പരിഹാരം ആകുകയുള്ളൂ. ബജറ്റിൽ ഉൾപ്പെടെ വയോജനങ്ങളെ സർക്കാർ കൈയൊഴിഞ്ഞപ്പോൾ ഇനി എന്തു ചെയ്യും എന്ന നിരാശയാണ് പൊന്നമ്മ അടക്കമുള്ളവർക്കുള്ളത്.

Comments (0)
Add Comment