സ്വർണ്ണ കവർച്ചാ കേസ്: ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും; പത്മകുമാറിനും കൂട്ടർക്കും നിർണ്ണായകം

Jaihind News Bureau
Wednesday, January 21, 2026

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. പത്മകുമാറിനെ കൂടാതെ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, സ്വർണ്ണ വ്യാപാരി ഗോവർദ്ധൻ എന്നിവർ സമർപ്പിച്ച ഹർജികളിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് വിധി പറയുന്നത്.

പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷനും അന്വേഷണ സംഘവും കോടതിയിൽ ശക്തമായി എതിർത്തു. പ്രതികൾക്കെതിരെ അതീവ ഗൗരവകരമായ തെളിവുകളുണ്ടെന്നും അന്വേഷണം നിലവിൽ നിർണ്ണായക ഘട്ടത്തിലാണെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണ് സർക്കാരിന്റെ വാദം.

നേരത്തെ ജനുവരി എട്ടിന് കേസ് പരിഗണിച്ച ഹൈക്കോടതി, പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും വിശദമായ വാദങ്ങൾ കേട്ടിരുന്നു. ശബരിമലയിലെ സ്വർണ്ണ ഉരുപ്പടികളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് പത്മകുമാർ അടക്കമുള്ളവർ പിടിയിലായത്. ഇന്നത്തെ കോടതി വിധി കേസിലെ തുടരന്വേഷണത്തിൽ ഏറെ നിർണ്ണായകമാകും.