നടിയെ ആക്രമിച്ച കേസ്: ദിലീപിന് രക്ഷയായത് കോടതിയുടെ വിവേചനപരമായ സമീപനം; വിചാരണ കോടതിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി നിയമോപദേശം

Jaihind News Bureau
Thursday, January 8, 2026

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിനെ വെറുതെ വിട്ട വിധി ചോദ്യം ചെയ്ത് സര്‍ക്കാര്‍ അടുത്തയാഴ്ച ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. വിചാരണ കോടതി ജഡ്ജിയുടെ സമീപനം പക്ഷപാതപരമായിരുന്നുവെന്നും പല തെളിവുകളും കോടതി ബോധപൂര്‍വ്വം തള്ളിക്കളഞ്ഞുവെന്നും ആരോപിക്കുന്ന പ്രോസിക്യൂഷന്‍ ഡിജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.

മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ വിചാരണ കോടതി ജഡ്ജി തന്നെ സംശയ നിഴലിലാണെന്നും, അങ്ങനെയുള്ള സാഹചര്യത്തില്‍ ജഡ്ജിക്ക് വിധി പറയാന്‍ അവകാശമില്ലെന്നും നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഒന്നുമുതല്‍ ആറുവരെ പ്രതികള്‍ക്കെതിരെ സ്വീകരിച്ച തെളിവുകള്‍ പോലും ദിലീപിന്റെ കാര്യത്തില്‍ കോടതി അംഗീകരിച്ചില്ല. തെളിവുകള്‍ പരിശോധിക്കുന്നതില്‍ കോടതി രണ്ട് തരം സമീപനമാണ് സ്വീകരിച്ചത്. തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നെന്ന് ആരോപിക്കപ്പെട്ട ദിലീപിന്റെ അഭിഭാഷകരെ കേസില്‍ തുടരാന്‍ അനുവദിക്കുക മാത്രമല്ല, അവരുടെ പ്രവൃത്തിയെ അനുമോദിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ വിധിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ഡിജിറ്റല്‍ തെളിവുകളും സാക്ഷിമൊഴികളും കോടതി പരിഗണിച്ചില്ല. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ നിര്‍ണ്ണായകമായ ശബ്ദരേഖകള്‍ക്കും വേണ്ടത്ര പ്രാധാന്യം നല്‍കിയില്ല. ഗൂഢാലോചന കുറ്റം തെളിയാതിരുന്നതാണ് ദിലീപിന് തുണയായതെന്ന് വിചാരണ കോടതി നിരീക്ഷിച്ചിരുന്നു. എന്നാല്‍ ദിലീപിനെതിരെ കൃത്യമായ ഡിജിറ്റല്‍ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഉയര്‍ന്ന കോടതിയില്‍ ഇത് തെളിയിക്കാന്‍ കഴിയുമെന്നും അന്വേഷണ സംഘം ഉറച്ചു വിശ്വസിക്കുന്നു. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട സാങ്കേതിക വിവരങ്ങള്‍ അപ്പീലില്‍ പ്രധാന ആയുധമാകും.