ഐപിഎല്ലിന് ബംഗ്ലാദേശില്‍ വിലക്ക്; മുസ്തഫിസുറിനെ ഒഴിവാക്കിയ ബിസിസിഐ നടപടിയില്‍ പ്രതിഷേധം

Jaihind News Bureau
Monday, January 5, 2026

ഐപിഎല്‍ 2026 സീസണില്‍ നിന്ന് ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്‌മാനെ ഒഴിവാക്കിയ ബിസിസിഐ നടപടിയില്‍ പ്രതിഷേധിച്ച് ടൂര്‍ണമെന്റിന്റെ സംപ്രേക്ഷണം രാജ്യമൊട്ടാകെ നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 9.2 കോടി രൂപയ്ക്ക് സ്വന്തമാക്കിയ മുസ്തഫിസുറിനെ റിലീസ് ചെയ്യാന്‍ ബിസിസിഐ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബംഗ്ലാദേശ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം കര്‍ശന നടപടിയുമായി രംഗത്തെത്തിയത്.

മുസ്തഫിസുറിനെ ഒഴിവാക്കാന്‍ ബിസിസിഐ ഉന്നയിച്ച കാരണങ്ങള്‍ യുക്തിസഹമല്ലെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ ആരോപിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഈ തീരുമാനം ബംഗ്ലാദേശിലെ ജനങ്ങളെ ‘വേദനിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തതായും മന്ത്രാലയം വ്യക്തമാക്കി. ജനങ്ങളുടെ വികാരം കണക്കിലെടുത്ത് ഐപിഎല്‍ മത്സരങ്ങളോ അതുമായി ബന്ധപ്പെട്ട പരിപാടികളോ രാജ്യത്തെ ടെലിവിഷന്‍ ചാനലുകള്‍ സംപ്രേക്ഷണം ചെയ്യരുതെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു.

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യയിലെ ചില സംഘടനകള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും ഉടമ ഷാരൂഖ് ഖാനും എതിരെ ഭീഷണി മുഴക്കിയിരുന്നു. ഈ ആന്റി-ബംഗ്ലാദേശ് വികാരം കണക്കിലെടുത്താണ് ബിസിസിഐ മുസ്തഫിസുറിനെ ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചതെന്നാണ് സൂചന. എന്നാല്‍ ഇന്ത്യയിലെ നിലവിലെ സാഹചര്യം പരിഗണിച്ചാണ് തീരുമാനമെന്നതല്ലാതെ ബിസിസിഐ ഔദ്യോഗികമായി കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കിയിട്ടില്ല. വിവാദം ഐപിഎല്ലില്‍ മാത്രം ഒതുങ്ങുന്നില്ല. 2026-ല്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് (ഐസിസി) കത്തയച്ചിട്ടുണ്ട്.