ഭരണവിരുദ്ധ തരംഗം തള്ളിക്കളയാനാവില്ല; വീഴ്ചകൾ സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

Jaihind News Bureau
Sunday, December 28, 2025

സംസ്ഥാനത്ത് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയിൽ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. പ്രാദേശിക തലങ്ങളിൽ സർക്കാരിനെതിരെയുള്ള ജനവികാരം മനസ്സിലാക്കുന്നതിലും അത് തിരുത്തുന്നതിലും സംഘടനാ സംവിധാനം പരാജയപ്പെട്ടുവെന്നാണ് പാർട്ടിയുടെ പ്രാഥമിക നിഗമനം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ തോൽവിയുടെ കാരണങ്ങൾ നേതാക്കൾ അക്കമിട്ട് നിരത്തി.

പ്രധാനമായും ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങൾ ജനങ്ങൾക്കിടയിൽ തെറ്റായ സ്വാധീനം ചെലുത്തിയെന്ന് പാർട്ടി വിലയിരുത്തുന്നു. ഇത്തരം കുപ്രചരണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കുന്നതിൽ പാർട്ടി മെഷിനറി പരാജയപ്പെട്ടു. കൂടാതെ, പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നിലപാടുകളും തിരഞ്ഞെടുപ്പ് ഫലത്തെ ദോഷകരമായി ബാധിച്ചുവെന്ന പൊതുവികാരമാണ് സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നുവന്നത്.

ഭരണപരമായ വീഴ്ചകൾക്ക് പുറമെ പാർട്ടിയുടെ സംഘടനാപരമായ പോരായ്മകളും ചർച്ചാവിഷയമായി. പ്രാദേശിക തലത്തിലുള്ള ജനങ്ങളുടെ അതൃപ്തി തിരിച്ചറിയാൻ പാർട്ടിയുടെ കീഴ്ഘടകങ്ങൾക്ക് കഴിഞ്ഞില്ല. സ്വർണ്ണക്കൊള്ള ഉൾപ്പെടെയുള്ള വിവാദങ്ങളിൽ പ്രതിപക്ഷത്തിന്റെ പ്രചരണങ്ങളെ കൃത്യമായി നേരിടാൻ കഴിയാത്തത് വോട്ടർമാരിലുണ്ടാക്കിയ ആശയക്കുഴപ്പം വലുതാണെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.

തിരിച്ചടികൾക്കിടയിലും രാഷ്ട്രീയമായി മുന്നോട്ടുപോകാനാണ് ഇടതുമുന്നണി തീരുമാനം. കേന്ദ്ര സർക്കാരിന്റെ തെറ്റായ സാമ്പത്തിക സമീപനങ്ങൾക്കും നയങ്ങൾക്കുമെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ ഇടതുമുന്നണി യോഗത്തിൽ തീരുമാനമായി. ജനങ്ങൾക്കിടയിലേക്ക് നേരിട്ടിറങ്ങി സർക്കാരിന്റെ നിലപാടുകൾ വിശദീകരിക്കാനും നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാനുമുള്ള ശ്രമങ്ങൾ വരും ദിവസങ്ങളിൽ പാർട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാകുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.