പൊലീസിന്റെ ഇരട്ടത്താപ്പ്; പോറ്റിയും പിണറായിയും ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചെന്ന കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്‌മണ്യന്‍ കസ്റ്റഡിയില്‍

Jaihind News Bureau
Saturday, December 27, 2025

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരുമിച്ചുനില്‍ക്കുന്ന എഐ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കേസില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എന്‍ സുബ്രഹ്‌മണ്യനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ കോഴിക്കോട്ടെ വീട്ടിലെത്തിയ ചേവായൂര്‍ പൊലീസാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

പൊലീസ് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുതിര്‍ന്ന നേതാവിനെതിരെ നടപടിയെടുത്തിരിക്കുന്നത്. സാധാരണ ഗതിയില്‍ നിസാര വകുപ്പുകള്‍ ചേര്‍ക്കേണ്ട കേസില്‍ ‘കലാപാഹ്വാനം’ ഉള്‍പ്പെടെയുള്ള കടുത്ത വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടും എത്തിയില്ല എന്നാരോപിച്ച് വീട്ടില്‍ അതിക്രമിച്ചു കയറിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

സത്യം വിളിച്ചുപറഞ്ഞതിന് തന്നെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ അത് സന്തോഷത്തോടെ സ്വീകരിക്കുമെന്ന് സുബ്രഹ്‌മണ്യന്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ വായടപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പോലീസ് നടപടി. സ്വര്‍ണ്ണക്കടത്ത് പ്രതികളുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം ചര്‍ച്ചയാകുന്നതിലുള്ള പരിഭ്രാന്തിയാണ് വീടുവളഞ്ഞുള്ള ഈ അറസ്റ്റ് നീക്കത്തിന് പിന്നില്‍.