സംസ്ഥാനത്ത് ത്രിതല പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്; ഭരണസമിതികള്‍ അധികാരത്തിലേക്ക്

Jaihind News Bureau
Saturday, December 27, 2025

തിരുവനന്തപുരം: കേരളത്തിലെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ പുതിയ അധ്യക്ഷന്മാരെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 941 ഗ്രാമപഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് ഇന്ന് ഭരണസാരഥികളെ നിശ്ചയിക്കുന്നത്. രാവിലെ 10.30-ന് പ്രസിഡന്റ് തെരഞ്ഞെടുപ്പും ഉച്ചയ്ക്ക് 2.30-ന് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും നടക്കും. വരണാധികാരികളുടെ നേതൃത്വത്തില്‍ പ്രത്യേകമായി വിളിച്ചുചേര്‍ത്ത യോഗങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക.

ആറ് കോര്‍പറേഷനുകളിലെയും നഗരസഭകളിലെയും അധ്യക്ഷന്‍മാരെ ഇന്നലെ തെരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഗ്രാമീണ മേഖലയിലും പുതിയ ഭരണസമിതികള്‍ അധികാരമേല്‍ക്കുന്നത്. ഭൂരിപക്ഷം വ്യക്തമല്ലാത്ത തദ്ദേശ സ്ഥാപനങ്ങളില്‍ വിമതന്മാരും സ്വതന്ത്രരും എടുക്കുന്ന നിലപാട് പലയിടങ്ങളിലും അധികാര നിര്‍ണ്ണയത്തില്‍ നിര്‍ണ്ണായകമാകും. തുല്യ വോട്ടുകള്‍ വരുന്ന സാഹചര്യമുണ്ടായാല്‍ നറുക്കെടുപ്പിലൂടെയാകും വിജയിയെ പ്രഖ്യാപിക്കുക.

അധ്യക്ഷ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ സ്ഥിരം സമിതി അംഗങ്ങള്‍ക്കായുള്ള തെരഞ്ഞെടുപ്പ് നടക്കും. ജനുവരി 5 മുതല്‍ 7 വരെയുള്ള തീയതികളിലാണ് ഇതിനായി നിശ്ചയിച്ചിരിക്കുന്നത്. നഗരസഭകളില്‍ യു.ഡി.എഫ് മേധാവിത്വം പുലര്‍ത്തിയപ്പോള്‍, ഗ്രാമീണ മേഖലയില്‍ ആര് മുന്നിലെത്തുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.