
ക്രിസ്മസ് ദിനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് നേരെ നടന്ന അക്രമങ്ങളെ ശക്തമായി അപലപിച്ച് കെപിസിസി അധിയക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. ഇത്തരം അക്രമങ്ങള്‍ രാജ്യത്തിന്റെ മതേതരത്വത്തിന് ഒട്ടും യോജിച്ചതല്ലെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. ഭരണഘടനാപരമായ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് രാജ്യത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അദ്ദേഹം രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. സ്വര്‍ണ്ണക്കടത്ത് പ്രതികള്‍ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചു എന്ന ആരോപണങ്ങള്‍ക്ക് മറുപടിയായി ചില ആളുകളെ പരിചയപ്പെടുന്നത് അവരുടെ എല്ലാ വിവരങ്ങളും അറിഞ്ഞുകൊണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ തോളില്‍ കൈയിട്ട് പ്രതികള്‍ നില്‍ക്കുന്ന ചിത്രം പുറത്തുവന്നത് ഗൗരവകരമായ സാഹചര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊല്ലം, തിരുവനന്തപുരം കോര്‍പ്പറേഷനുകളിലെ മേയര്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളിലും സണ്ണി ജോസഫ് വ്യക്തത വരുത്തി. രണ്ട് സ്ഥലങ്ങളിലും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ ദീപ്തിക്ക് പ്രയാസമുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും, പരാതിയുണ്ടെങ്കില്‍ അത് പാര്‍ട്ടി ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരിടത്തും ഒരു പേര് മാത്രമല്ല പരിഗണിച്ചതെന്നും ഒന്നിലധികം പേരുകള്‍ പരിശോധിച്ച ശേഷമാണ് അന്തിമ തീരുമാനമെടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.