
കൊച്ചി: യു.ഡി.എഫിന്റെ അടിത്തറ വിപുലീകരിക്കുന്നതിന്റെ ഭാഗമായി രണ്ട് പുതിയ രാഷ്ട്രീയ കക്ഷികളെ അസോസിയേറ്റ് അംഗങ്ങളാക്കാന്‍ തീരുമാനിച്ചു. പി.വി. അന്‍വര്‍ നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ്, സി.കെ. ജാനുവിന്റെ പാര്‍ട്ടി എന്നിവരാണ് യു.ഡി.എഫിന്റെ ഭാഗമാകുന്നത്. ഇവര്‍ക്ക് അതത് മേഖലകളില്‍ ശക്തമായ സ്വാധീനമുണ്ടെന്നും യാതൊരുവിധ മുന്‍ധാരണകളും ഇല്ലാതെയാണ് ഇവര്‍ സഹകരിക്കാന്‍ തീരുമാനിച്ചതെന്നും വി ഡി സതീശന്‍ അറിയിച്ചു. ജനുവരി 15-നകം സീറ്റ് വിഭജനം ഉള്‍പ്പെടെയുള്ള സാങ്കേതിക കാര്യങ്ങളില്‍ അന്തിമ തീരുമാനമാകും.
സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ ഫെബ്രുവരിയില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വിപുലമായ ജാഥ സംഘടിപ്പിക്കുമെന്നും വി ഡി സതീശന്‍ അറിയിച്ചു. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ കുറ്റവാളികള്‍ക്ക് സര്‍ക്കാര്‍ കുടപിടിക്കുകയാണെന്നും എസ്.ഐ.ടിക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും യു.ഡി.എഫ് ആരോപിച്ചു. സഹകരണ സംഘങ്ങളില്‍ നിന്ന് 10,000 കോടി രൂപ വായ്പയെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുമെന്നും സഹകരണ മേഖലയെ ഇല്ലാതാക്കുമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കി.
തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്ന് പാഠം പഠിക്കാതെ സി.പി.എം അസഹിഷ്ണുത പടര്‍ത്തുകയാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. സംസ്ഥാനത്ത് അക്രമം അഴിച്ചുവിടുന്ന സി.പി.എം ആയുധം താഴെ വെക്കാന്‍ തയ്യാറാകണം. ആഭ്യന്തര വകുപ്പ് അടിയന്തരമായി ഇടപെടണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. സി.പി.എമ്മും ബി.ജെ.പിയുമായി യാതൊരുവിധ ധാരണയും ഉണ്ടാകില്ലെന്നും വിഭാഗീയതയും വിദ്വേഷവും പടര്‍ത്താനുള്ള നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകള്‍ യു.ഡി.എഫ് നേരത്തെ തുടങ്ങും. വാര്‍ഡുകളില്‍ നിന്ന് ബൂത്ത് തലത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും. പതിറ്റാണ്ടുകളായി ഇടത് സഹയാത്രികരായി നിന്ന പലരും വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനൊപ്പം ഉണ്ടാകുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. മുനമ്പം, പള്ളുരുത്തി വിഷയങ്ങളില്‍ ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിച്ചതുപോലെ നാടിന്റെ ഐക്യം നിലനിര്‍ത്തിക്കൊണ്ട് 100 സീറ്റുകള്‍ നേടി അധികാരത്തില്‍ തിരിച്ചെത്തുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്.