ഐഎഫ്എഫ്‌കെയില്‍ പ്രതിസന്ധി തുടരുന്നു; ആറ് സിനിമകള്‍ക്ക് കേന്ദ്രം പ്രദര്‍ശനാനുമതി നിഷേധിച്ചു

Jaihind News Bureau
Thursday, December 18, 2025

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയെ പതിസന്ധിയിലാക്കി ആറ് സിനിമകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ചു. മേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന ‘ഓള്‍ ദാറ്റ് ലെഫ്റ്റ്സ് ഓഫ് യു’, ‘ക്ലാഷ്’, ‘യെസ്’, ‘ഫ്ളെയിംസ്’, ‘ഈഗിള്‍സ് ഓഫ് ദ റിപ്പബ്ലിക്’, ‘എ പോയന്റ്’ എന്നീ ചിത്രങ്ങള്‍ക്കാണ് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്. ഇതുസംബന്ധിച്ച അന്തിമ അറിയിപ്പ് ചീഫ് സെക്രട്ടറിക്ക് ലഭിച്ചതോടെ മേളയുടെ സംഘാടനം വലിയ അനിശ്ചിതത്വത്തിലായി.

ഈ സിനിമകള്‍ക്ക് സെന്‍സര്‍ ഇളവ് നല്‍കാന്‍ സാധിക്കില്ലെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് നല്‍കിയ ഔദ്യോഗിക നിര്‍ദ്ദേശം സംസ്ഥാന ചലച്ചിത്ര അക്കാദമിയ്ക്ക് കൈമാറിയിട്ടുണ്ട്. അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ക്ക് സാധാരണഗതിയില്‍ ലഭിക്കാറുള്ള സെന്‍സര്‍ ഇളവാണ് ഈ ചിത്രങ്ങളുടെ കാര്യത്തില്‍ കേന്ദ്രം നിഷേധിച്ചിരിക്കുന്നത്.

കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദ്ദേശത്തിന് തൊട്ടുമുമ്പ്, നേരത്തെ നിശ്ചയിച്ച പ്രകാരം എല്ലാ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അക്കാദമിയ്ക്ക് അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അനുമതി ലഭിക്കാതിരുന്ന ‘ഈഗിള്‍സ് ഓഫ് ദ റിപ്പബ്ലിക്’, ‘എ പോയന്റ്’ എന്നീ സിനിമകള്‍ കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് പ്രദര്‍ശനം വിലക്കിക്കൊണ്ടുള്ള അന്തിമ അറിയിപ്പ് രാത്രിയോടെ ചീഫ് സെക്രട്ടറിക്ക് ലഭിച്ചത്.

സിനിമകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരെ സിനിമാ ആസ്വാദകര്‍ക്കിടയിലും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കിടയിലും വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നാണ് പ്രധാന വിമര്‍ശനം. കേന്ദ്രത്തിന്റെ അന്തിമ ഉത്തരവ് വന്ന സാഹചര്യത്തില്‍ ഈ സിനിമകളുടെ തുടര്‍പ്രദര്‍ശനങ്ങള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.