കൊല്ലത്ത് ദേശീയപാത ഇടിഞ്ഞ് താഴ്ന്ന സംഭവം: വിദഗ്ധസമിതി റിപ്പോര്‍ട്ട് ഇന്ന്; കൂടുതല്‍ നടപടികള്‍ക്ക് സാധ്യത

Jaihind News Bureau
Sunday, December 7, 2025

കൊല്ലം കൊട്ടിയത്ത് നിര്‍മ്മാണം നടക്കുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തില്‍ വിദഗ്ധസംഘം ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അടിസ്ഥാന നിര്‍മ്മാണത്തിലും മണ്ണ് പരിശോധനയിലും വീഴ്ച സംഭവിച്ചെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മാണ കമ്പനിയായ ശിവാലയ കണ്‍സ്ട്രക്ഷന്‍സിനെ ഒരു മാസത്തേക്ക് വിലക്കിയിട്ടുണ്ട്.റിപ്പോര്‍ട്ടിനു ശേഷം കൂടുതല്‍ നടപടികള്‍ ഉണ്ടാകും.

ദേശീയ പാത അതോറിറ്റിഅധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്നും പരിശോധിക്കുകയാണ്.അപകട മേഖലയില്‍ ഗതാഗതം പുനഃ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണ്. വെള്ളിയാഴ്ചയാണ് കൊല്ലം കൊട്ടിയത്ത് നിര്‍മാണത്തിലിരുന്ന ദേശീയപാത തകര്‍ന്നു വീണത്. കൊട്ടിയത്തിന് സമീപം മൈലക്കാടാണ് ദേശീയപാത ഇടിഞ്ഞ് താഴ്ന്നത്. നിര്‍മാണത്തില്‍ ഇരുന്ന സൈഡ് വാള്‍ ഇടിഞ്ഞുവീണു. ഇതിനെ തുടര്‍ന്ന് സര്‍വീസ് റോഡും തകര്‍ന്നു. പുതുതായി കൊണ്ടിട്ട മണ്ണ് ഉറച്ചില്ലെന്നായിരുന്നു നിഗമനം.