
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണത്തിന് ഇന്ന് തിരശ്ശീല വീഴും. വൈകുന്നേരം ആറ് മണിയോടെയാണ് കൊട്ടിക്കലാശം. ഒരു മാസത്തോളം നീണ്ട രാഷ്ട്രീയ കോലാഹലങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും കലാശക്കൊട്ടോടെ വിരാമമാകും. വൈകീട്ട് ആറ് മണിക്ക് ശേഷം അനൗണ്‍സ്‌മെന്റുകള്‍, ജാഥകള്‍, പ്രകടനങ്ങള്‍ എന്നിവ പൂര്‍ണ്ണമായി അവസാനിപ്പിക്കണം. തുടര്‍ന്ന്, സ്ഥാനാര്‍ത്ഥികള്‍ നിശബ്ദ പ്രചാരണത്തിന്റെ ഒരു ദിവസത്തിലേക്ക് കടക്കും. ബഹളങ്ങളില്ലാത്ത വോട്ടുതേടലിന് ശേഷം ചൊവ്വാഴ്ചയാണ് ഈ ജില്ലകളിലെ ജനങ്ങള്‍ തങ്ങളുടെ സമ്മതിദാനം രേഖപ്പെടുത്താനായി പോളിങ് ബൂത്തിലേക്ക് എത്തുക.
തിരുവനന്തപുരം, കൊല്ലം, കൊച്ചി കോര്‍പ്പറേഷനുകള്‍ ഉള്‍പ്പെടെ 111 തദ്ദേശ സ്ഥാപനങ്ങളിലെ 2220 വാര്‍ഡുകളിലേക്കാണ് ഈ ഘട്ടത്തില്‍ മത്സരം നടക്കുന്നത്. ഏഴ് ജില്ലാ പഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 7374 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ചൊവ്വാഴ്ച നടക്കുന്ന വോട്ടെടുപ്പില്‍ 26,67,746 വോട്ടര്‍മാര്‍ക്ക് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അവസരമുണ്ട്. അവസാനവട്ട വോട്ടുറപ്പിക്കാനുള്ള തത്രപ്പാടിലാണ് നിലവില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും.
കലാശക്കൊട്ടിനിടെ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാനായി പോലീസ് അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. വോട്ടെടുപ്പ് നടക്കുന്ന ഇടങ്ങളില്‍ 48 മണിക്കൂര്‍ നേരത്തേക്ക് മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളതായും അധികൃതര്‍ അറിയിച്ചു.