
തിരുവനന്തപുരം: പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ രാഹുല്‍ ഈശ്വര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിരാഹാര സമരത്തില്‍. ബലാത്സംഗക്കേസിലെ അതിജീവിതയെ സൈബര്‍ ഇടത്തില്‍ അപമാനിച്ചെന്ന കേസില്‍ റിമാന്‍ഡിലായ രാഹുല്‍ ഈശ്വര്‍ ഇന്നലെ മുതലാണ് വെള്ളം മാത്രം കുടിച്ചുകൊണ്ട് സമരം ആരംഭിച്ചത്. ഭക്ഷണം വേണ്ടെന്നും വെള്ളം മാത്രം മതിയെന്നുമാണ് അദ്ദേഹം ജയില്‍ അധികൃതരെ അറിയിച്ചിട്ടുള്ളത്. പൂജപ്പുര ജില്ല ജയില്‍ ബി ബ്ലോക്കിലാണ് നിലവില്‍ രാഹുലിനെ പാര്‍പ്പിച്ചിരിക്കുന്നത്.
അതിജീവിതയെ അപമാനിക്കുകയും തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങള്‍ പുറത്തുവിടുകയും ചെയ്തു എന്ന കേസിലാണ് രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായത്. ഇന്നലെ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം എ.സി.ജെ.എം കോടതി തള്ളിയിരുന്നു. വീഡിയോകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നടപടി. കേസിന്റെ അന്വേഷണം നടക്കുന്നതിനിടെ ഇത്തരം പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചത് നിസ്സാരമായി കാണാന്‍ കഴിയില്ലെന്നും കോടതി വിധിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എ.സി.ജെ.എം. കോടതിയുടെ വിധിക്ക് എതിരെ രാഹുല്‍ ഈശ്വര്‍ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കും. തന്റെ അറസ്റ്റ് നിയമപരമല്ലെന്നാണ് അദ്ദേഹം വാദിക്കുന്നത്. യുവതിയുടെ പേര് പറയുകയോ ചിത്രം പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ലെന്നും പോലീസ് എടുത്തത് കള്ളക്കേസാണെന്നും രാഹുല്‍ ഈശ്വര്‍ ആരോപിക്കുന്നു. ഈ ആരോപണങ്ങള്‍ ഉന്നയിച്ചാണ് അദ്ദേഹം ജയിലില്‍ നിരാഹാരം ആരംഭിച്ചത്.